defence-exercise

ന്യൂഡൽഹി: റഷ്യയിൽ നടക്കുന്ന കാവ്കാസ് 2020 ബഹുരാഷ്‌ട്ര സൈനികാഭ്യാസത്തിൽ നിന്നും ഇന്ത്യ പിന്മാറി. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തും പങ്കെടുത്ത ഉന്നതതല ചർച്ചയ്ക്ക് ശേഷമാണ് സൈനികാഭ്യാസത്തിൽ നിന്നും പിന്മാറാൻ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. 150 ഓളം അംഗങ്ങളുള്ള ഇന്ത്യൻ സംഘത്തെയാണ് സൈനികാഭ്യാസത്തിനായി റഷ്യ ക്ഷണിച്ചത്.

ചൈനയും പാകിസ്ഥാനും സൈനികാഭ്യാസത്തിൽ പങ്കെടുക്കുന്നുണ്ട്. സൈനികാഭ്യാസത്തിനായി ചൈനയ്ക്കും പാകിസ്ഥാനുമൊപ്പം പങ്കെടുക്കുന്നതിനോട് ചർച്ചയിൽ എതിർപ്പുയർന്നു. ഇരു രാജ്യങ്ങളുമായി അഭിപ്രായ ഭിന്നത രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിലാണ് പിന്മാറ്റം. കിഴക്കൻ ലഡാക്കിലെ അതിർത്തി മേഖലകളിൽ ചൈനയുമായി സംഘർഷ സാഹചര്യം നിലനിൽക്കുകയാണ്. തുടർന്നാണ് ഇന്ത്യ ശക്തമായ തീരുമാനവുമായി മുന്നോട്ട് പോകുന്നത്. അതേ സമയം, സെപ്റ്റംബർ 4 മുതൽ 6 വരെ റഷ്യയിൽ നടക്കുന്ന ഷാംഗ്ഹായ് കോർപ്പറേഷൻ പ്രതിരോധ മന്ത്രിതല ഉച്ചകോടിയിൽ ഇന്ത്യ പങ്കെടുത്തേക്കും. ഇവിടെ വച്ച് ഇന്ത്യ നിലപാട് വ്യക്തമാക്കുമെന്നാണ് സൂചന. സെപ്റ്റംബർ 15 മുതൽ 26 വരെയാണ് സൈനികാഭ്യാസം നടക്കുക.

2018 മുതൽ സൈനികാഭ്യാസത്തിന് കൂടുതൽ രാജ്യങ്ങളെ റഷ്യ ക്ഷണിച്ചുകൊണ്ടിരിക്കുകയാണ്. നേരത്തെ റഷ്യൻ സായുധ സേനയിൽ മാത്രമായും പിന്നീട് കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളെ കൂടി പങ്കെടുപ്പിച്ച് കൊണ്ടും സൈനികാഭ്യാസം വികസിപ്പിക്കുകയായിരുന്നു.