മാൽമോ: മുസ്ലിം മതഗ്രന്ഥമായ ഖുറാൻ കത്തിക്കുന്ന പ്രതിഷേധ റാലിയിൽ പങ്കെടുക്കാനായി എത്തിയ തീവ്ര വലതുപക്ഷ നേതാവിനെ പൊലീസ് തടഞ്ഞതിനെ തുടർന്ന് തെക്കൻ സ്വീഡനിൽ കലാപം. സ്വീഡനിലെ മാൽമോയിലാണ് ഇന്നലെ വൈകിട്ടോടെയാണ് സംഭവം ഉണ്ടായത്. മുസ്ലിം മതവിശ്വാസികളുടെ പ്രാർത്ഥനാ വേളയിലാണ് ഇവർ പ്രതിഷേധം നടത്തിയത്.
മുന്നൂറോളം പേർ ഒത്തുചേർന്ന പ്രതിഷേധത്തിൽ സംസാരിക്കാനായി മാൽമോയിലേക്ക് വരികയായിരുന്നു റാസ്‌മസ് പലുദാനെയാണ് അധികൃതർ തടയുകയും ശേഷം അറസ്റ്റ് ചെയ്യുകയും ചെയ്തത്. തീവ്ര വലതുപക്ഷ, കുടിയേറ്റ വിരുദ്ധ നിലപാടുകളുള്ള 'ഹാർഡ് ലൈൻ' പാർട്ടിയുടെ നേതാവാണ് ഡാനിഷുകാരനായ റാസ്‌മസ് പലുദാൻ.
പലുദാൻ സമൂഹത്തിന് ഭീഷണി ഉയർത്തുന്നുവെന്നു കണ്ടുകൊണ്ടും സ്വീഡനിൽ പ്രവേശിക്കുന്നതിൽ രണ്ടു വർഷമായി വിലക്കിയിട്ടുണ്ട് എന്ന് ചൂണ്ടിക്കാണിച്ചുമാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഈ വിവരം അറിഞ്ഞതിനെ തുടർന്ന് പ്രതിഷേധക്കാർ പൊലീസിന് നേരെ കല്ലെറിയുകയും ടയറുകൾ കത്തിക്കുകയും ചെയ്തു.
ഇവരുടെ ആക്രമണത്തിൽ നിരവധി പൊലീസുകാർക്കാണ് പരിക്കേറ്റത്. തുടർന്ന് പലുദാന്റെ അസാനിദ്ധ്യത്തിലും ഇവർ പ്രതിഷേധം തുടരുകയും ചെയ്തു. സംഭവത്തെ തുടർന്ന് 10 മുതൽ 20 വരെ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുവെന്നാണ് വിവരം. മുൻപ് വർഗീയപരമായ പരാമർശങ്ങളും പ്രവർത്തികളും നടത്തിയിട്ടുള്ള ആളാണ് റാസ്‌മസ് പലുദാൻ.