പത്തനംതിട്ട: വകയാർ പോപ്പുലർ ബാങ്ക് തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന മാനേജിഗ് ഡയറക്ടർ തോമസ് ഡാനിയലും (റോയി ), ഭാര്യ പ്രഭയും ജില്ലാ പൊലീസ് ചീഫിന്റെ ഒാഫീസിലെത്തി കീഴടങ്ങി. ഇവരുടെ മക്കളായ റിനുവിനെയും റിയയേയും ഒാസ്ട്രേലിയയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഡൽഹി വിമാനത്താവളത്തിൽ നിന്ന് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
സംസ്ഥാനത്തും പുറത്തുമായി 274 ബ്രാഞ്ചുകളിലൂടെ 2000 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയെന്നാണ് പൊലീസ് നിഗമനം. തന്നെ പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് റോയി ഡാനിയേൽ പത്തനംതിട്ട സബ് കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. പറക്കോട് സ്വദേശിയായ നിക്ഷേപകൻ കെ.വി. സുരേഷ് തനിക്ക് കിട്ടാനുള്ള 46,80,000 രൂപയ്ക്കായി നൽകിയ പത്തനംതിട്ട കോടതിയിൽ ഹർജിയിൽ വകയാറിലെ ഹെഡ് ഓഫീസ് കെട്ടിടവും സ്ഥലവും തോമസ് ഡാനിയലിന്റെ വകയാറിലെ വീടും സ്ഥലവും കണ്ടുകെട്ടി നോട്ടീസ് പതിച്ചു.
അന്വേഷണത്തിന് 25 അംഗ സംഘം
തിരുവനന്തപുരം: പോപ്പുലർ ഫിനാൻസ് സ്ഥാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കാൻ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണിന്റെ നേതൃത്വത്തിൽ 25 പേരടങ്ങുന്ന പ്രത്യേക സംഘത്തിന് രൂപം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ദക്ഷിണമേഖല ഐ.ജി ഹർഷിത അട്ടല്ലൂരി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. തട്ടിപ്പുമായി ബന്ധപ്പെട്ട് വിദേശത്ത് പണമിടപാട് നടന്നതായി സംശയിക്കുന്നതിനാൽ ഇന്റർപോളിന്റെ സഹായം തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡൽഹിയിൽ നിന്നും ചങ്ങനാശ്ശേരിയിൽ നിന്നും രണ്ടു പേർ വീതം കേസിൽ പിടിയിലായതായും മുഖ്യമന്ത്രി പറഞ്ഞു.