suresh-raina

മുംബയ്: കൊവി‌ഡ് മൂലം കായിക മേഖല പ്രതിസന്ധിയിലായപ്പോഴും ക്രിക്കറ്റ് പ്രേമികൾ ഏറെ ആവേശത്തിലായിരുന്നു. കാരണം മറ്റൊന്നുമല്ല കൊവിഡിനെ അതിജീവിച്ച് ഇത്തവണത്തെ ഐ.പി.എൽ മത്സരം നടക്കുമെന്നതിനാലാണ്. എന്നാൽ ഐ.പി.എൽ മത്സരത്തിൽ ആരാധകരുടെ പ്രീയതാരം സുരേഷ് റെയ്ന കളിക്കില്ല എന്ന വാർത്ത ഞെട്ടലോടെയാണ് ക്രിക്കറ്റ് ലോകം കേട്ടത്. ചെന്നൈ സൂപ്പർ കിംഗ്സിന് ഒപ്പം കളിക്കാനായി യു.എ.ഇയിലെത്തിയ റെയ്ന വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് പിന്മാറുകയായിരുന്നു. ചെന്നെെ ടീമിലെ രണ്ട് താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചതാണ് റെയ്നയുടെ പിന്മാറ്റത്തിന് കാരണമെന്ന് വരെ ആരാധകർക്കിടയിൽ അഭ്യൂഹം പരന്നിരുന്നു. എന്നാൽ താരത്തിന്റെ പിന്മാറ്റത്തിന് കൊവിഡ് അല്ല കാരണമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്ത.

സുരേഷ് റെയ്നയുടെ അമ്മാവന്റെ മരണത്തെ തുടർന്നാണ് താരം മത്സരത്തിൽ നിന്നും പിന്മാറിയതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. പഞ്ചാബിലെ പത്താൻകോട്ടിലെ തരിയൽ ഗ്രാമത്തിലാണ് റെയ്നയുടെ അച്ഛന്റെ സഹോദരി ആശാ ദേവിയും കുടുംബവും താമസിക്കുന്നത്. ഓഗസ്റ്റ് 19-ന് അർധരാത്രി ഇവരുടെ വീട് ഒരു സംഘം ആളുകൾ ആക്രമിച്ചിരുന്നു. അക്രമണത്തെ തുടർന്ന് ഗുരുതരമായ പരിക്കുകളോടെ റെയ്നയുടെ അമ്മായി ആശാ ദേവിയേയും ഭർത്താവ് അശോക് കുമാറിനേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് 58-കാരനായ അശോക് കുമാർ മരിച്ചത്.

റയ്നയുടെ അമ്മായി ആശാ ദേവി ഇപ്പോഴും ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഇവരുടെ മക്കളായ കൗശൽ കുമാറിനും അപിൻ കുമാറിനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. അശോക് കുമാറിന്റെ 80-കാരിയായ അമ്മയും ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഈ സാഹചര്യത്തിലാണ് റെയ്ന ഐ.പി.എല്ലിൽ നിന്ന് പിന്മാറി നാട്ടിലേക്ക് മടങ്ങിയെത്തുന്നത്. അതേസമയം ആക്രമണത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല.