മാഡ്രിഡ് : ക്ളബ് വിട്ടുപോകാനുള്ള മെസിയുടെ നീക്കം പ്രതിസന്ധിയിലാക്കി താരവുമായി ഒരു ചർച്ചയ്ക്കും ഇല്ലെന്ന് ബാഴ്സലോണ അധികൃതർ. മെസി പോകരുതെന്ന് അഭ്യർത്ഥിച്ചിരുന്ന ക്ളബ് പോകണമെന്ന് അത്രയ്ക്ക് നിർബന്ധമാണെങ്കിൽ വലിയ നഷ്ടപരിഹാരത്തുക നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു.തുടർന്നാണ് മെസി ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചത്. ഇതോടെ ക്ളബ് വിടണമെങ്കിൽ മെസിക്ക് കോടതി കയറുകയോ 6000 കോടിയിലധികം നൽകുകയോ വേണ്ടിവരും.
2017-ൽ പുതുക്കിയ കരാർ പ്രകാരം മെസിക്ക് ബാഴ്സയുമായി 2021 ജൂൺ വരെ കരാറുണ്ട്. എന്നാൽ ഒരോ സീസണിന്റെയും അവസാനം ക്ലബ് വിടാൻ മെസിക്ക് അവകാശമുണ്ടെന്ന വ്യവസ്ഥയോടെയായിരുന്നു ഈ കരാർ. ജൂൺ 10 ആണ് ഈ അവകാശം ഉപയോഗപ്പെടുത്താനുള്ള അവസാനതീയതിയായി വച്ചിരിക്കുന്നത്. ഈ തീയതി കഴിഞ്ഞതിനാൽ ഇനി പോകണമെങ്കിൽ അദ്ദേഹമോ വാങ്ങുന്ന ക്ളബോ 700 ദശലക്ഷം യൂറോ (ഏകദേശം 6150 കോടി രൂപ) നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നാണ് ബാഴ്സയുടെ നിലപാട്. കോവിഡ്-19 രോഗവ്യാപനം കാരണം സീസൺ നീട്ടിയതിനാൽ ജൂൺ 10 എന്ന തീയതി കണക്കാക്കാൻ സാധിക്കില്ലെന്നാണ് താരത്തിന്റെ നിയമോപദേശകരുടെ വാദം. ആഗസ്റ്റിലാണ് സീസൺ അവസാനിച്ചതെന്നും നിയമോപദേശകർ ചൂണ്ടിക്കാട്ടുന്നു.
ബാഴ്സലോണയുമായുള്ള കരാർ പ്രശ്നം പരിഹരിക്കാതെ മറ്റ് ഏതെങ്കിലും ക്ലബ്ബിൽ ചേരാൻ മെസ്സി തയ്യാറായാൽ അത് ഭാവിയിൽ താരത്തിനും ആ ക്ലബിനും തലവേദനയാകും.
പിന്നീട് വിഷയം ഫിഫയുടെ തർക്ക പരിഹാര സമിതിക്ക് മുന്നിലാകും വരിക. ബാഴ്സലോണയുടെ വാദത്തിനാണോ അതോ മെസ്സിയുടെ വാദത്തിനാണോ ഇവിടെ നിയമസാധുത ലഭിക്കുക എന്നത് അനുസരിച്ചിരിക്കും തുടർന്നുള്ള നടപടികൾ. ക്ലബ്ബിന്റെ വാദത്തിന് നിയമസാധുത ലഭിച്ചാൽ താരത്തിന് ഫിഫയുടെ വിലക്ക് വരെ ലഭിക്കാൻ സാധ്യതയുണ്ട്.
മെസിക്കായി യുവന്റസും
അതേസമയം ബാഴ്സ വിടാനൊരുങ്ങി നിൽക്കുന്ന മെസിയെ സ്വന്തമാക്കാൻ ഇറ്റാലിയൻ ചാമ്പ്യന്മാരും ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുന്ന ക്ളബുമായ യുവന്റസും തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ഇക്കാലത്തെ രണ്ട് സൂപ്പർ താരങ്ങളെ ഒരുമിച്ച് കളത്തിലിറക്കാനുള്ള സുവർണാവസരമായാണ് യുവന്റസ് ഈ സാഹചര്യത്തെ കാണുന്നത്. അതേസമയം ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർ സിറ്റിയാണ് മെസിയെ സ്വന്തമാക്കാനുള്ള ശ്രമത്തിൽ മുന്നിൽ നിൽക്കുന്നത്. ബാഴ്സലോണയിൽ തന്റെ മുൻ പരിശീലകനായിരുന്ന പെപ് ഗ്വാർഡിയോളയുടെ സാന്നിദ്ധ്യമാണ് മെസിയെ സിറ്റിയിലേക്ക് ആകർഷിക്കുന്ന ഘടകം. നെയ്മർ കളിക്കുന്ന ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജിയാണ് മെസിക്ക് വേണ്ടി വലയും വീശിനിൽക്കുന്ന മറ്റൊരു ക്ളബ്.