കോഴിക്കോട്: കൊവിഡ് സ്ഥിരീകരിച്ച മഞ്ചേരി സ്പെഷ്യൽ സബ് ജയിൽ സൂപ്രണ്ട് കോഴിക്കോട് ജില്ലാ ജയിൽ കാന്റീനിലെത്തി ഭക്ഷണം കഴിച്ചതോടെ ജയിലിലെ ജീവനക്കാരും തടവുകാരും ആശങ്കയിൽ. ജയിൽ സൂപ്രണ്ടുമായി സമ്പർക്കമുണ്ടായ കാന്റീൻ ജീവനക്കാരോടും ജയിൽ ജീവനക്കാരോടും നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിരിക്കുകയാണ്.കോഴിക്കോട് ജില്ലാ ജയിലിനോടനുബന്ധിച്ച ക്വാർട്ടേഴ്സിൽ നിയമ വിരുദ്ധമായാണ് മഞ്ചേരി സൂപ്രണ്ട് കഴിയുന്നത്. കൊവിഡ് കാരണം ഡ്യൂട്ടിയിലുള്ള ജീവനക്കാരെ മാത്രമെ ജയിലിൽ പ്രവേശിപ്പിക്കാൻ പാടുള്ളൂവെന്ന ജയിൽ ഡി.ജി.പിയുടെ നിർദ്ദേശം അവഗണിച്ചാണ് സൂപ്രണ്ട് ജയിലിനകത്തെ കാന്റീനിൽ പ്രവേശിച്ചത്.
വെള്ളിയാഴ്ചയാണ് മഞ്ചേരി സ്പെഷ്യൽ സബ് ജയിലിലെ സൂപ്രണ്ട് അടക്കമുള്ള മുഴുവൻ ജീവനക്കാർക്കും വനിതകൾ ഉൾപ്പെടെ തടവുകാർക്കും കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് തടവുകാരെ മഞ്ചേരി മെഡിക്കൽ കോളേജിലെ ക്വാറന്റൈൻ സെന്ററിലേക്ക് മാറ്റിയതിന് ശേഷം സബ് ജയിൽ അടക്കുകയായിരുന്നു.
വ്യാഴാഴ്ചയാണ് ജയിൽ സൂപ്രണ്ട് കോഴിക്കോട് ജില്ലാ ജയിലിലെത്തി ഭക്ഷണം കഴിച്ചത്.ചൊവ്വാഴ്ച നടത്തിയ കൊവിഡ് പരിശോധന ഫലം വരുന്നത് വരെ കാത്തിരിക്കാൻ അദ്ദേഹം തയ്യാറായില്ല. കൊവിഡ് സ്ഥിരീകരിച്ചതോടെ ജയിൽ സൂപ്രണ്ട് സ്വയം മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ എത്തുകയായിരുന്നു.
രണ്ടാഴ്ച മുമ്പാണ് കോഴിക്കോട് ജയിലിലെ മുഴുവൻ ജീവനക്കാരെയും തടവുകാരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്. മഞ്ചേരി സ്പെഷ്യൽ സബ് ജയിൽ സൂപ്രണ്ട് നേരത്തെ കോഴിക്കോട് ജില്ലാ ജയിലിൽ ഉദ്യോഗസ്ഥനായിരുന്നു. ജയിൽ സൂപ്രണ്ടായി സ്ഥാനകയറ്റം ലഭിച്ച് സ്ഥലംമാറി പോയിട്ടും കോഴിക്കോട്ടെ ക്വാട്ടേഴ്സ് ഒഴിയാൻ അദ്ദേഹം തയ്യാറായില്ല.