തിരുവനന്തപുരം: ചാനലുകൾ നൽകുന്ന വാർത്തയുടെ അടിസ്ഥാനത്തിൽ മാത്രം സർക്കാരിന് നടപടിയെടുക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ സംവിധാനങ്ങളിലൂടെ ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ മാത്രമെ നടപടിയെടുക്കാൻ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ലൈഫ് മിഷൻ പദ്ധതിയിൽ നാലര കോടിയുടെ അഴിമതിയുണ്ടെന്ന വാർത്ത മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ് തന്നെ നേരത്തെ പുറത്തുവിട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടിയുളള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
മാദ്ധ്യമ ഉപദേഷ്ടാവ് സ്ഥിരമായി തന്റെ ഓഫീസിലുള്ള ആളല്ലെന്നും ആവശ്യം വന്നാൽ ഉപദേശം തേടാൻ വേണ്ടി മാത്രമാണ് ബ്രിട്ടാസിനെ സമീപിക്കുകയെന്നും പിണറായി പറഞ്ഞു. സർക്കാർ ഫയലുകൾ ഉപദേഷ്ടാവ് കാണാറില്ലെന്നും സർക്കാരിന്റെ രഹസ്യങ്ങൾ അറിയുന്ന ആളല്ല മാദ്ധ്യമ ഉപദേഷ്ടാവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ബ്രിട്ടാസ് അദ്ദേഹത്തിന് കിട്ടിയ വിവരങ്ങളാണ് പറഞ്ഞത്. സർക്കാരിന് മുന്നിൽ അത്തരം വിവരങ്ങളില്ല. റെഡ് ക്രെസന്റും ഏതെങ്കിലും കരാറുകാരും തമ്മിലുണ്ടായ ഇടപാട് സംബന്ധിച്ച് ലഭിച്ച വിവരങ്ങൾ മാദ്ധ്യമ ഉപദേഷ്ടാവായതുകൊണ്ട് വിളിച്ചുപറയാൻ അദ്ദേഹത്തിന് യാതൊരു തടസവുമില്ല. ഉപദേഷ്ടാവ് പറഞ്ഞ കാര്യങ്ങൾ സർക്കാരിനെ പ്രതിരോധത്തിലാക്കുന്നില്ലെന്നും റെഡ് ക്രെസന്റ് ചെയ്യുന്ന കാര്യങ്ങളിൽ സർക്കാരിന് ഉത്തരവാദിത്തമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം ശരിയായ ദിശയിലാണെന്നും കേസുമായി ബന്ധപ്പെട്ട് ജനം ടിവിയെ ബി.ജെ.പി തള്ളിപ്പറഞ്ഞത് കടന്നകൈയായിപോയെന്നും മുഖ്യമന്ത്രി പരിഹസിച്ചു. യഥാർഥ കുറ്റവാളികൾ ആരുമായൊക്കെ ബന്ധപ്പെട്ടെന്ന് അന്വേഷണത്തിൽ വ്യക്തമാകും. അന്വേഷണം മുന്നോട്ട് പോകുമ്പോൾ നെഞ്ചിടിപ്പ് കൂടുമെന്ന് പറഞ്ഞത് ആരേയും വ്യക്തിപരമായി ഉദ്ദേശിച്ചല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.