
ആപ്പിള്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമമായി ഐഫോണ്‍ 12 വില്പനക്കെത്തുകയാണ്. സാധാരണ ഗതിയില്‍ സെപ്തംബറില്‍ പുത്തന്‍ ഐഫോണ്‍ മോഡല്‍ വില്പനക്കെത്തുമെങ്കിലും കൊവിഡ് മൂലം നിര്‍മ്മാണ ശാലകള്‍ അടച്ചിടേണ്ടി വന്നത് ഒരു പക്ഷെ ഐഫോണ്‍ 12-ന്റെ ലോഞ്ച് ഒക്ടോബര്‍ മാസത്തേക്ക് നീട്ടിയേക്കാം. ഐഫോണ്‍ 12 വരവ് സ്ഥിരം ആപ്പിള്‍ ഫോണിന്റെ വരവ് പോലെയാകില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
5ജി കണക്ടിവിറ്റിയോടെയാണ് ഐഫോണ്‍ 12, ഐഫോണ്‍ 12 മാക്‌സ്, ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 12 പ്രോ മാക്‌സ് എന്നിങ്ങനെ നാല് ഫോണുകളുള്ള ഐഫോണ്‍ 12 ശ്രേണി വില്പനക്കെത്തുക. 5ജി കണക്ടിവിറ്റിയിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായുള്ള ഭീമയായ ചെലവു ഫോണിന്റെ വിലയില്‍ നേരിട്ട് പ്രതിഫലിക്കാതിരിക്കാന്‍ ചില ചെലവുചുരുക്കല്‍ നീക്കങ്ങള്‍ക്കാണ് ആപ്പിള്‍ മുതിരുന്നത്. ഈ നീക്കത്തിന്റെ ഭാഗമായി ഐഫോണ്‍ 12-ന്റെ ബോക്‌സില്‍ ചാര്‍ജറും ഹെഡ്‌ഫോണും ഉണ്ടായിരിക്കില്ല ട്രെന്‍ഡ്‌ഫോഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഐഫോണ്‍ 12-ന് 749 ഡോളര്‍ (56,205 രൂപ), ഐഫോണ്‍ 12 മാക്‌സിന് 799 ഡോളര്‍ (59,957 രൂപ), ഐഫോണ്‍ 12 പ്രോയ്ക്ക് 1049 ഡോളര്‍ (78,717 രൂപ), ഐഫോണ്‍ 12 പ്രോ മാക്‌സിന് 1149 ഡോളര്‍ (86221 രൂപ) എന്നിങ്ങനെയാണ് ഏറ്റവും കുറഞ്ഞ വില പ്രതീക്ഷിക്കുന്നത്. മേല്പറഞ്ഞതിനേക്കാള്‍ വില ഒരല്പം കൂടാനാണ് സാധ്യത.
ഇപ്പോള്‍ വില്പനയിലുള്ള ഐഫോണ്‍ 11 ശ്രേണിയിലുള്ള ഫോണുകളെക്കാള്‍ വില കൂടുതല്‍ ആയിരിക്കും ഐഫോണ്‍ 12 മോഡലുകള്‍ക്ക്. ഐഫോണ്‍ 5-ന് സമാനമായി മെറ്റല്‍ എഡ്ജ് ഡിസൈനിലേക്കുള്ള മടങ്ങിപ്പോക്കാവും ഐഫോണ്‍ 12 എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഇന്‍ഫ്രാറെഡ് ക്യാമറ, ഫ്ലഡ് ഇല്ല്യൂമിനേറ്റര്‍, ആമ്പിയന്റ് ലൈറ്റ് സെന്‍സര്‍, ഇന്‍ഫ്രാറെഡ് ക്യാമറ, ഡോട്ട് പ്രൊജക്ടര്‍ എന്നിവയും പുത്തന്‍ ഐഫോണ്‍ 12 ഫോണുകള്‍ക്കുണ്ടാകും. 2,227mAh മുതല്‍ 3,687mAh വരെയുള്ള ബാറ്ററി കപ്പാസിറ്റി ആയിരിക്കും വിവിധ ഐഫോണ്‍ 12 മോഡലുകള്‍ക്ക്.