ബംഗളുരു: റോയൽ എൻഫീൽഡിൽ ചെത്തി നടക്കുമ്പോൾ, ട്രാഫിക് ലംഘനമൊക്ക രാജേഷിന് ഒരു വിഷയമേ ആയിരുന്നില്ല. 11 മാസമാണ് ഈ യുവാവ് ട്രാഫിക് നിയമങ്ങൾ തെറ്റിച്ച് ബൈക്കിൽ പറന്നത്. ഒടുവിൽ പിടി വീണപ്പോഴോ.. 101 കേസുകളിൽ പിഴയായി 57,200 രൂപ അടയ്ക്കം. പിഴത്തുക മൂന്ന് ദിവസത്തിനുള്ളിൽ അടയ്ക്കാനാണ് ട്രാഫിക് പൊലീസിന്റെ അന്ത്യശാസനം.
പണമടച്ചാൽ ബംഗളൂരുവിൽ ഏറ്റവും വലിയ തുക വാഹന പിഴ അടയ്ക്കുന്ന ആളായി രാജേഷ് മാറും.
2019 സെപ്തംബർ 12 നും 2020 ആഗസ്റ്റ് 26 നും ഇടയിൽ ഹെൽമറ്റില്ലാതെ പിടിച്ചത് 41 തവണ, ട്രാഫിസ് സിഗ്നൽ പാലിക്കാതിരുന്നത് അഞ്ചു തവണ,പിൻസീറ്റിൽ ഹെൽമറ്റ് ഇല്ലാതെ യാത്രക്കാരനുമായി പോയതിന് 28 തവണ, തെറ്റായ പാർക്കിംഗ് മൂന്ന് തവണ, വാഹനം ഓടിക്കുമ്പോൾ മൊബൈലിൽ സംസാരിച്ചത് 10 തവണ, പ്രവേശനമില്ലാത്തിടത്ത് പ്രവേശിച്ചത് ആറ് തവണ. മറ്റുള്ളവയ്ക്ക് എട്ടു തവണ എന്നിങ്ങനെയാണ് നിയമലംഘനങ്ങൾ. ഒന്നിനും രാജേഷ് പിഴയടച്ചിട്ടില്ല. അഞ്ചര അടി നീളമുള്ള ചെല്ലാനാണ് രാജേഷിന് നൽകിയത്.
രാജേഷിന്റെ ബൈക്ക് അഡുഗോഡി പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ബുധനാഴ്ച ട്രാഫിക് സിഗ്നൽ അഗവണിച്ചതിനെ തുടർന്ന് കോറാമംഗലയിലെ വിപ്രോ ജംഗ്ഷന് സമീപത്ത് വച്ചാണ് അഡുഗോഡി ട്രാഫിക് പൊലീസ് രാജേഷിന്റെ ബൈക്ക് പിടിച്ചെടുത്തത്. ബുധനാഴ്ച രാവിലെ മുതൽ ആറ് തവണ ഇയാളെ ട്രാഫിക് ലംഘനത്തിന് പൊലീസ് പിടിച്ചിരുന്നു. ഇതിൽ മൂന്നെണ്ണം സിഗ്നൽ ലംഘിച്ചതാണ്. രണ്ടെണ്ണം വൺവേ തെറ്റിച്ചതിനും ഒരെണ്ണം കണ്ണാടി ഇല്ലാത്തതിനും. 2019 പകുതിയോടെയാണ് ഇയാൾ ബൈക്ക് വാങ്ങിയത്. തുടർച്ചയായ നിയമലംഘനം ഉന്നതാധികാരികളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ബൈക്ക് പിടിച്ചെടുക്കാൻ നിർദ്ദേശിച്ചത്.