തിരുവനന്തപുരം: കൊവിഡ് വന്നതോടെ കുടിയന്മാർക്ക് കിട്ടിയത് എട്ടിന്റെ പണിയായിരുന്നു. ഇതിന് പരിഹാരമായി സർക്കാർ വെബ്ക്യൂ ആപ്പ് അവതരിപ്പിക്കുകയും ചെയ്തു.എന്നാൽ ഇപ്പോൾ സംസ്ഥാനത്തെ കുടിയന്മാരുടെ ഓണാഘോഷങ്ങൾ പ്രതിസന്ധിയിലായിരിക്കുകയാണ്. എന്തെന്നാൽ തിരുവോണ ദിവസം സംസ്ഥാനത്തെ ബിവ്റേജസ് ഔട്ട്‌ലെറ്റുകൾ മാത്രമല്ല മുഴുവൻ ബാറുകൾ, ബിയർവൈൻ പാർലറുകൾ എന്നീ മദ്യവിൽപനശാലകളും തുറക്കില്ല. സാധാരണ ആഘോഷദിവസങ്ങളിൽ ബാറുകൾക്ക് മദ്യവിൽപനയ്ക്കു നൽകിയിരുന്ന ഇളവാണ് കൊവിഡ് കാരണം ഇപ്പോൾ ഇല്ലാതായത്.
തിരുവോണ ദിവസം ഔട്ട്‌ലെറ്റുകൾ അടച്ചിടുന്നതിനാൽ ബാറുകളിൽ വൻ ജനക്കൂട്ടം ഉണ്ടാകും. ഇത് കൊവിഡ് വ്യാപനത്തിന് കാരണമായേക്കും. ഇക്കാരണത്താലാണ് തിരുവോണദിവസം മദ്യവിൽപനയ്ക്ക് സമ്പൂർണവിലക്കേർപ്പെടുത്തിയത്. എക്സൈസ് വകുപ്പിന്റെ ഉത്തരവിനെ തുടർന്ന് സംസ്ഥാനത്തെ 700ലധികം ബാറുകളാണ് ഇത്തവണ തിരുവോണത്തിന് അടച്ചിടുക. തിങ്കളാഴ്ച മുഴുവൻ സ്ഥാപനങ്ങളും അവധിയായതിനാൽ ഞായറാഴ്ച ഔട്ട്‌ലെറ്റുകളിലും ബാറുകളിലും വലിയ തിരക്ക് അനുഭവപ്പെടും. ഇതിനാൽ ആവശ്യമായ സ്റ്റോക്ക് എല്ലായിടത്തും എത്തിച്ചതായും അധികൃതർ പറഞ്ഞു.