jithin-prasada

ന്യൂഡൽഹി: പാർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച കത്ത് ദുർവ്യാഖ്യാനം ചെയ്തുവെന്ന് കോൺഗ്രസ് നേതാവും മുൻകേന്ദ്രമന്ത്രിയുമായ ജിതിൻ പ്രസാദ. പാർട്ടിയുടെ ഉന്നത നേതൃത്വത്തിൽ പൂർണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഘടനപരമായ മാറ്റം ആവശ്യപ്പെട്ട് ജിതിൻ പ്രസാദ ഉൾപ്പെടെയുള്ള 23 നേതാക്കൾ ഒപ്പിട്ട് അയച്ച കത്താണ് കോൺഗ്രസിൽ വലിയ പൊട്ടിത്തെറിക്ക് വഴിവെച്ചിരുന്നത്.

നേതൃമാറ്റം എന്ന ഉദ്ദേശത്തോടെയല്ല കത്തെഴുതിയതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയെ ശക്തിപ്പെടുത്തുകയായിരുന്നു കത്തിന്റെ ലക്ഷ്യം. ഇക്കാര്യം കോൺഗ്രസ് പ്രവർത്തക സമിതിയിലും താൻ പറഞ്ഞിട്ടുണ്ടെന്നും പ്രസാദ വ്യക്തമാക്കി.

സോണിയാ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ പൂർണ വിശ്വാസമുണ്ട്. അവർക്ക് എന്നിലും പൂർണവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കത്ത് വിവാദമായതിന് പിന്നാലെ ഇതിൽ ഒപ്പിട്ട പ്രസാദക്കെതിരെ നടപടിയെടുക്കണമെന്ന് ഉത്തർപ്രദേശിലെ ലക്കിംപുർ ഡി.സി.സി പ്രമേയം പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

എല്ലാ ജനാധിപത്യ പാർട്ടികളിലും നടക്കുന്ന ചെറിയ കാര്യമാണിണിത്. എതിർഗ്രൂപ്പുകളുടെ പ്രേരണയാൽ നടന്നതാകാം. ആരോടും വിരോധമില്ല. എല്ലാവരും കോൺഗ്രസ് കുടുംബത്തിന്റെ ഭാഗമാണ്. തനിക്കെതിരേയുള്ള പ്രാദേശിക പാർട്ടി നീക്കം സംബന്ധിച്ചുള്ള ചോദ്യത്തിന് മറുപടിയായി പ്രസാദ പറഞ്ഞു.