ന്യൂഡൽഹി: കേന്ദ്രസർക്കാരിനെ പരോക്ഷമായി വിമർശിച്ച് കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം ഭീഷണി നേരിടുകയാണെന്നും ജനാധിപത്യം തകർക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും സോണിയ പറഞ്ഞു. ഛത്തീസ്ഗഢ് നിയമസഭാ മന്ദിരം ശിലാസ്ഥാപന ചടങ്ങിൽ ഓൺലൈനായി പങ്കെടുക്കുകയായിരുന്നു സോണിയ.
ജനങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്ന ശക്തികൾ, വെറുപ്പിന്റെ വിഷം രാജ്യത്ത് വ്യാപിപ്പിക്കുകയാണ്. അഭിപ്രായസ്വാതന്ത്ര്യം ഭീഷണി നേരിടുകയാണ്. ജനാധിപത്യം തകർക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അവർ ആഗ്രഹിക്കുന്നത് ഇന്ത്യൻ ജനത വായടയ്ക്കണമെന്നാണ്. അവർ ആഗ്രഹിക്കുന്നത് ജനങ്ങളെ നിശബ്ദരാക്കാനാണ്, സോണിയ പറഞ്ഞു.സ്വാതന്ത്ര്യം നേടി 75 വർഷത്തിന് ശേഷം ജനാധിപത്യവും ഭരണഘടനയും ഭീഷണി നേരിടേണ്ടിവരുന്ന കഠിനമായ സാഹചര്യം ഇന്ത്യയ്ക്ക് അഭിമുഖീകരിക്കേണ്ടി വരുമെന്ന് മഹാത്മാഗാന്ധിയും ജവഹർലാൽ നെഹ്‌റുവും ബി.ആർ. അംബേദ്കറും ഉൾപ്പെടെയുള്ളവരാരും സങ്കൽപിച്ചിട്ടുണ്ടാവില്ലെന്നും സോണിയ കൂട്ടിച്ചേർത്തു.