ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ടരക്കോടി കടന്നു. ഇതുവരെ 25,155,358 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ എട്ട് ലക്ഷത്തി നാൽപത്തി അയ്യായിരത്തി തൊള്ളായിരത്തി ഇരുപത്തഞ്ചായി.17,499,421 പേർ രോഗമുക്തി നേടി.
പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ഇപ്പോഴും ഒന്നാം സ്ഥാനത്ത് തുടരുന്നു. തുടർച്ചയായ മൂന്നാംദിവസവും രോഗികളുടെ എണ്ണം 75,000 കടന്നു.ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷം പിന്നിട്ടു. തുടർച്ചയായ നാലാം ദിവസവും ആയിരത്തിൽ കൂടുതലാളുകളാണ് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 63,500 പിന്നിട്ടു. കൊവിഡ് മരണങ്ങളിൽ മെക്‌സിക്കോയെ മറികടന്ന് ഇന്ത്യ ലോകത്ത് മൂന്നാമതായി.
അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം 61 ലക്ഷം പിന്നിട്ടു. ഇതുവരെ 6,138,748 പേർക്കാണ് യു.എസിൽ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 186,855 ആയി ഉയർന്നു.3,408,726 പേർ സുഖംപ്രാപിച്ചു. ബ്രസീലിലും രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. രാജ്യത്ത് 3,846,965 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 120,498 ആയി.3,006,812 പേർ രോഗമുക്തി നേടി.