popular-finance-fraud-cas

പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ സ്ഥാപന ഉടമ റോയി ഡാനിയേൽ, ഭാര്യ പ്രഭ തോമസ്, മക്കളായ റിനു മറിയം, റിയ ആൻ എന്നിവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. നാലുപേർക്കെതിരെയും വിശ്വാസ വഞ്ചന,സാമ്പത്തിക ക്രമക്കേട് തുടങ്ങിയ വകുപ്പുകൾ ചുമത്തും.

ശനിയാഴ്ച രാത്രി ചോദ്യം ചെയ്യലിന് ശേഷം റോയിയെ അടൂർ ക്വാറന്റീൻ കേന്ദ്രത്തിലേക്കും, ഭാര്യയേയും മക്കളേയും പത്തനംതിട്ട വനിത പൊലീസ് സ്‌റ്റേഷനിലേക്കും മാറ്റിയിരുന്നു. ഇന്നലെ വൈകീട്ടോടെയാണ് റോയി ഡാനിയേലും ഭാര്യയും പത്തനംതിട്ട എസ്.പി ഓഫീസിലെത്തി കീഴടങ്ങിയത്.

കേസിന് പിന്നാലെ ഓസ്ട്രേലിയയിലേക്ക് കടക്കാൻ ശ്രമിച്ച റോയിയുടെ മക്കളായ റിനു മറിയം തോമസിനെയും, റിയ ആൻ തോമസിനെയും നേരത്തെ ഡൽഹിയിൽ നിന്നും പിടികൂടിയിരുന്നു. ഇവരെ ഇന്നലെ കൊച്ചിയിലെത്തിച്ചിരുന്നു.കാലാവധി പൂർത്തിയായ നിക്ഷേപങ്ങൾ മടക്കിനൽകാതായതോടെയാണ് പോപ്പുലർ ഫിനാൻസിനെതിരെ പരാതികൾ ഉയർന്നുവന്നത്. 1600ലധികം പേർക്ക് ഇവർ പണം കൊടുക്കാനുള്ളതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.