ന്യൂഡൽഹി:കോൺഗ്രസ് നേതൃത്വത്തിൽ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് 23 നേതാക്കൾ കത്തെഴുതിയതിന് പിന്നാലെയുണ്ടായ വിവാദങ്ങൾക്കിടെ വിമർശനവുമായി മുതിർന്ന നേതാവ് കപിൽ സിബൽ.കോൺഗ്രസിൽ ഉന്നയിച്ച ഒരാവശ്യം പോലും അംഗീകരിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കത്തെഴുതിയവരെ ചിലർ ആക്രമിച്ചപ്പോൾ നേതൃത്വം മൗനം പാലിക്കുകയായിരുന്നുവെന്ന് കപിൽ സിബൽ വിമർശിച്ചു. കത്തിൽ ഉന്നയിച്ച കാര്യങ്ങളൊന്നും പ്രവർത്തക സമിതിയിൽ ചർച്ച ചെയ്തില്ലെന്നും, ഏതെങ്കിലും ഒരു നേതാവിന് പ്രത്യേകിച്ച് രാഹുലിന് എതിരായിരുന്നില്ല കത്തെന്നും അദ്ദേഹം വ്യക്തമാക്കി.
കത്തെഴുതിയത് പാർട്ടി ശക്തപ്പെടണം എന്ന ആഗ്രഹം കൊണ്ട് മാത്രമാണെന്നും, ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് കോൺഗ്രസ് നേരിടുന്നതെന്നും, ഇക്കാര്യം അംഗീകരിക്കാൻ നേതൃത്വം തയാറാണോ എന്നും കപിൽ സിബൽ ചോദിച്ചു. കത്തിന്റെ പൂർണ്ണ രൂപവും അദ്ദേഹം പുറത്തു വിട്ടു.
കോൺഗ്രസ് ദേശീയ നേതൃത്വത്തിൽ മാറ്റവും, പൂർണസമയ നേതൃത്വവും വേണമെന്ന് ആവശ്യപ്പെട്ടാണ് 23 നേതാക്കൾ നേരത്തെ സോണിയാ ഗാന്ധിക്ക് കത്തയച്ചത്. സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ രൂക്ഷമാകുന്നു,സുരക്ഷിതത്വമില്ലായ്മ, ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും വര്‍ഗീയമായി ജനങ്ങളെ ഭിന്നിപ്പിക്കുന്ന അജണ്ട, കൊവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍, അതിര്‍ത്തികളിലെ പ്രശ്‌നങ്ങള്‍, വിദേശ നയം തുടങ്ങിയ പ്രതിസന്ധി ഘട്ടത്തില്‍ കോണ്‍ഗ്രസ് പ്രതികരണം നിരാശാജനകമാണെന്നും നേതാക്കൾ കത്തിലൂടെ സോണിയയെ അറിയിച്ചിരുന്നു.