തിരുവനന്തപുരം: തിരുവോണം ഉൾപ്പടെ മൂന്നുദിവസങ്ങളിൽ സംസ്ഥാനത്ത് മദ്യവില്പന ഇല്ല. കൊവിഡിന്റെ പശ്ചാത്തലത്തിൽ തിരക്ക് ഒഴിവാക്കാൻവേണ്ടിയാണ് നടപടി. ബെവ്കോ, കൺസ്യൂമർഫെഡ് ഔട്ട് ലെറ്റുകൾക്ക് നേരത്തേതന്നെ തിരുവോണത്തിന് അവധി പ്രഖ്യാപിച്ചിരുന്നു. അതിനാൽ ആ ദിവസം ബാറുകൾക്ക് അനുമതി നൽകിയാൽ വൻതിരക്ക് അനുഭവപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് മനസിലാക്കിയാണ് മൂന്നുദിവസത്തേക്ക് മദ്യവില്പന പൂർണമായും നിറുത്തിവയ്ക്കാൻ തീരുമാനിച്ചത്.
അതേസമയം ബെവ്ക്യൂ ആപ്പിൽ പുതിയ മാറ്റങ്ങൾ വന്നു. ഇനിമുതൽ ബുക്ക് ചെയ്താൽ ഉടൻ മദ്യം ലഭിക്കും. ആപ്പുപയോഗിച്ച് ബുക്ക് ചെയ്യുന്നവർക്ക് മൂന്ന് ദിവസം കഴിഞ്ഞേ വീണ്ടും ബുക്ക് ചെയ്യാനാവൂ എന്ന വ്യവസ്ഥയും നീക്കിയിട്ടുണ്ട്.