lifemission

തിരുവനന്തപുരം: ലൈഫ് മിഷൻ ഇടപാടിൽ എൻഫോഴ്സ്‌മെന്റ് ആവശ്യപ്പെട്ട രേഖകൾ നൽകാൻ സർക്കാർ തയ്യാറാവുന്നില്ലെന്ന് റിപ്പോർട്ട്. രേഖകൾ നൽകണമെന്നാവശ്യപ്പെട്ട് പത്തുദിവസം മുമ്പാണ് എൻഫോഴ്സ്‌മെന്റ് ചീഫ്സെക്രട്ടറിക്ക് കത്തുനൽകിയത്. എന്നാൽ രേഖകൾ നൽകാതെ സർക്കാർ ഒളിച്ചുകളിക്കുകയായിരുന്നു. രേഖകൾ കിട്ടാതായതോടെ ഇന്നലെയും എൻഫോഴ്സ്‌മെന്റ് കത്തുനൽകിയിട്ടുണ്ട്.

റെഡ്ക്രസന്റ് പദ്ധതിയുമായി ബന്ധപ്പെട്ട യോഗങ്ങളുടെ മിനിറ്റ്സുകൾ നൽകണമെന്നാണ് എൻഫോഴ്സമെന്റ് ആവശ്യപ്പെടുന്നത്. ഇടപാടിനെക്കുറിച്ച് കൂടുതൽ വ്യക്തതവരുത്താണ് രേഖകൾ നൽകാൻ ആവശ്യപ്പെട്ടത്. സ്വപ്ന സുരേഷ് ഈ യോഗത്തിൽ പങ്കെടുത്തിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്.

സാമ്പത്തിക സഹായം വാങ്ങാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി വാങ്ങിയിരുന്നോ, ധാരണപത്രം ഒപ്പിടുംമുമ്പ് നിയമവകുപ്പിന്റെ ഉപദേശം തേടിയിരുന്നോ, മന്ത്രിസഭയിൽ ചർച്ചചെയ്തിരുന്നു തുടങ്ങിയ കാര്യങ്ങളിലും വ്യക്തത വരുത്തേണ്ടതുണ്ട്. ഒരു സ്വകാര്യ ഏജൻസി വിദേശ രാജ്യവുമായി ഫ്ളാറ്റ് നിർമ്മാണകരാർ ഒപ്പുവയ്ക്കാൻ ഇടയാക്കിയ സാഹചര്യവും അതിന് സർക്കാർ അനുമതി നൽകിയിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്.

എല്ലാ അന്വേഷണവുമായും പൂർണമായി സഹകരിക്കും എന്നാണ് സർക്കാർ നേരത്തേ പറഞ്ഞിരുന്നത്.