modi

ന്യൂഡൽഹി: വെറുതെ ഉഴപ്പി നടന്ന് ശമ്പളം വാങ്ങിക്കുന്ന ജീവനക്കാർക്കെതിരെ കർക്കശ നടപടിയുമായി കേന്ദ്രസർക്കാർ. ജീവനക്കാരുടെ പ്രകടനം വിലയിരുത്തി കാര്യപ്രാപ്തിയില്ലാത്തവർക്ക് നിർബന്ധിത വിരമിക്കൽ നടപ്പാക്കാനുള്ള ഉത്തരവ് സർക്കാർ ഇതിനോടകം തന്നെ പുറത്തിറക്കി കഴിഞ്ഞു.

അമ്പതിനും അമ്പത്തഞ്ച് വയസിനുമിടയിൽ പ്രായമുള്ള 30 വർഷത്തിൽ കൂടുതൽ സർവീസ് ഉള്ളവർക്കാണ് ഇതു ബാധകമാവുന്നത്. പ്രത്യേക രജിസ്‌റ്റർ തയ്യാറാക്കി മേലധികാരികൾ മൂന്നു മാസം കൂടുമ്പോൾ പ്രകടനം വിലയിരുത്തും. മോശമാണെങ്കിൽ പെൻഷൻ പ്രായം തികയും മുമ്പ് നിർബന്ധിത വിരമിക്കൽ നൽകും. ഇത് ശിക്ഷയല്ലെന്നും പൊതുതാത്പര്യം മുൻനിറുത്തിയുള്ള നടപടിയാണെന്നും ഉത്തരവിൽ പറയുന്നു.

കാര്യക്ഷമത വർദ്ധിപ്പിക്കാനും വേഗത്തിൽ ജോലികൾ പൂർത്തിയാക്കാനും 1972ലെ പെൻഷൻ നിയമ പ്രകാരമുള്ള റൂൾ 48(1)ബി, എഫ്.ആർ 56(ജെ),56(എൽ) എന്നീ ചട്ടങ്ങൾ അനുസരിച്ച് അതത് വകുപ്പുകൾക്ക് നടപടിയെടുക്കാൻ അധികാരമുണ്ടെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.