swapna-suresh

കൊച്ചി: സ്വർണക്കടത്തുകേസിൽ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷിന്റെ മൊഴി പുറത്തായ സംഭവത്തിൽ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. കസ്റ്റംസിന് സ്വപ്ന നൽകിയ മൊഴിയിൽ മാദ്ധ്യമപ്രവർത്തകനായ അനിൽ നമ്പ്യാരുമായി ബന്ധപ്പെട്ടഭാഗം മാത്രമാണ് ചോർന്നത്. മൊഴിയിലെ ഈ ഭാഗങ്ങൾ പുറത്തുവന്നത് ബി ജെ പിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

ചില പ്രത്യേക ലക്ഷ്യങ്ങളോടെ കസ്റ്റംസിലെ ഇടത് അനുകൂലികളാണ് മൊഴി ചോർത്തിയതെന്ന നിഗമനത്തിലാണ് ഉന്നത ഉദ്യോഗസ്ഥർ. ചോർച്ചയ്ക്ക് പിന്നിലുളളവരെ കണ്ടെത്തണമെന്ന് കേന്ദ്രസർക്കാരും കസ്റ്റംസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

സ്വ‍ർണക്കടത്ത് കേസിനും വളരെക്കാലം മുമ്പുതന്നെ അനിൽ നമ്പ്യാരെ പരിചയമുണ്ടെന്നാണ് സ്വപ്ന കസ്റ്റംസിനോട് പറഞ്ഞത്. ദുബായിൽ അനിലിനെതിരെയുളള കേസ് ഒഴിവാക്കാൻ സഹായം തേടിയാണ് അനിൽ സ്വപ്നയെ പരിചയപ്പെടുന്നത്. നയതന്ത്രബാഗിൽ സ്വർണം കണ്ടെത്തിയ ദിവസം രണ്ട് തവണയാണ് സ്വപ്നയും അനിൽ നമ്പ്യാരും ഫോണിൽ സംസാരിച്ചത്. നയതന്ത്രബാഗിൽ സ്വർണം കണ്ടെത്തിയാൽ ഗുരുതരപ്രശ്നമാകും .അതിനാൽ ബാഗ് വ്യക്തിപരമായ ആവശ്യത്തിനാണെന്ന് കാണിച്ച് കോൺസൽ ജനറലിന് കത്ത് നൽകാൻ തന്നോട് അനിൽ നമ്പ്യാ‍ർ ആവശ്യപ്പെട്ടതായി സ്വപ്നയുടെ മൊഴിയിലുണ്ട്.

ഇങ്ങനെ കത്ത് നൽകിയാൽ നികുതിയും പിഴയും അടച്ച് കേസിൽ നിന്നും ഒഴിവാക്കാം എന്നും നമ്പ്യാ‍ർ സ്വപ്നയെ ഉപദേശിച്ചു. കോൺസൽ ജനറലിന് നൽകേണ്ട കത്തിന്റെ പകർപ്പ് തയ്യാറാക്കി അയക്കാൻ സ്വപ്ന അനിൽ നമ്പ്യാരോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിനുശേഷം ഒളിവിൽ പോകേണ്ടിവന്നതിനാൽ കത്ത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയാനോ അനിൽ നമ്പ്യാരുമായി ബന്ധപ്പെടാനോ കഴിഞ്ഞില്ലെന്നും സ്വപ്ന കസ്റ്റംസിന് നൽകിയ മൊഴിയിൽ പറയുന്നു.