ഈ ഓണക്കാലത്ത് സിനിമാ റിലീസുകളില്ലെങ്കിലും മോഹൻലാൽ എന്ന നടൻ മലയാളികളുടെ സ്വീകരണമുറികളിൽ സജീവമാണ്. മോഹൻലാൽ മലയാളികൾക്ക് ഒരു വികാരമാണ് .നമ്മുടെ സ്വന്തം എന്ന് അഭിമാനത്തോടെ പറയുന്ന നടൻ. പ്രായഭേദമന്യേ ഏവരുടെയും ലാലേട്ടൻ.
ബോക് സോഫീസിൽ മോഹൻലാൽ സിനിമയില്ലാത്ത ആഘോഷം മലയാളിക്ക് രസക്കേടാണ്.കാമറയ്ക്ക് മുന്നിൽ മാത്രമേ മോഹൻലാൽ എന്ന നടൻ പരകായപ്രവേശം നടത്താറുള്ളൂ.കട്ട് കേട്ടാൽ അടുത്ത നിമിഷം മോഹൻലാൽ എന്ന വ്യക്തി പുറത്തുവരും.കഥാപാത്രത്തെ താൻ കൂടെക്കൊണ്ടു പോവാറില്ലെന്ന് എത്രയോ പ്രാവശ്യം മോഹൻലാൽ തന്നെ പറഞ്ഞിട്ടുണ്ട്.അതു കേൾക്കുമ്പോൾ അതിശയവും അദ്ഭുതവുമാണ് ഓരോ മലയാളിക്കും.
തന്നെ ഞെട്ടിച്ച നടന വിസ്മയമാണ് മോഹൻലാലെന്ന് ഒരിക്കൽ കലാമണ്ഡലം ഗോപി അഭിപ്രായപ്പെട്ടു.ഒരു മികച്ച കഥകളി നടനെ പോലെ മോഹൻലാൽ കുഞ്ഞിക്കുട്ടനായി ആടിയപ്പോൾ കലാമണ്ഡലം ഗോപി അദ്ഭുതത്തോടെ നോക്കിനിന്നു.ഇതുപോലെ എത്രയോ കുഞ്ഞിക്കുട്ടന്മാരും സേതുമാധവന്മാരും പ്രേക്ഷക മനസിൽ ജീവിക്കുന്നുണ്ട്.വെള്ളിത്തിരയിലെ താരത്തിളക്ക മൂല്യത്തിന് ഒരു മങ്ങലും ഏൽക്കാതെയാണ് മോഹൻലാലിന്റെ അഭിനയജീവിത യാത്ര.എല്ലാത്തരം പ്രേക്ഷകരെയും ഒരു പോലെ ആകർഷിക്കാൻ കഴിയുന്നതാണ് മോഹൻലാൽ സിനിമയുടെ സവിശേഷത.മാസും ക്ളാസും കൃത്യം. സിനിമയിൽ മോഹൻലാൽ എന്ന നടനെ മിക്കപ്പോഴും കാണാൻ കഴിയില്ലെന്ന യാഥാർത്ഥ്യം വിസ്മരിക്കാനാവില്ല.പ്രേക്ഷക മനസിൽ ആവേശം നിറച്ച് കഥാപാത്രം അതിനുമുൻപേ കയറിയിട്ടുണ്ടാവും.താരം എത്തും മുൻപേ ആരവം ഒഴുക്കുന്ന പ്രദർശനശാലകൾ.എന്നാൽ ഒന്നും മോഹൻലാലിനെ വിസ്മയിപ്പിക്കുന്നില്ല.
'' എന്നും ഇതേപോലെ മനഃസമാധാനത്തോടെ ജീവിച്ചു പോവാനാണ് ആഗ്രഹം. ഈശ്വരൻ അനുഗ്രഹിച്ചു തരുന്നതാണ്അഭിനയം എന്ന കല.ആയുസും ആരോഗ്യവും ഉണ്ടെങ്കിൽ തൊണ്ണൂറാം വയസിലും എനിക്ക് അഭിനയിക്കാം. മറ്റ് ഏതൊരു മേഖലയിലും പ്രായം ഒരു ഘടകമാണ്.""പതിവു ചിരിയിൽ മുഴുകി ലാൽ . മുഖത്ത് ലാൽ ചിരിയില്ലാത്ത നിമിഷം അപൂർവമാണ്. കാലം മാറുന്നു. സിനിമ മാറുന്നു. സാങ്കേതികമായി ചലച്ചിത്ര മേഖല വളർന്നു. പുതിയ താരങ്ങളും സാങ്കേതിക പ്രവർത്തകരും സമ്പന്നമാക്കുന്ന സിനിമ സങ്കല്പത്തിലാണ് മലയാളത്തിന്റെ പ്രയാണം. എന്നാൽ എല്ലാ വളർച്ചയ്ക്കും മേലെയാണ് മോഹൻലാലിന്റെ അഭിനയ മികവ്. സിനിമയിലെ പുതുതലമുറ മോഹൻലാലിനൊപ്പം ചേരാൻ മനസു കൊണ്ടു തയ്യാറെടുത്ത് ആ വിളിക്ക് കാത്തിരിക്കുന്നു.
'' പുതിയ തലമുറയിലെ സംവിധായകരും താരങ്ങളും പ്രതിഭാധനന്മാരാണ്.അവരുടെ സിനിമ കാണാറുണ്ട്. ആ സിനിമയുടെ ഭാഗമാവാൻ ശ്രമിക്കാറുണ്ട്.അവരുടെ പ്രായം കടന്നാണ് ഞാനും വന്നത്. അവർക്ക് നല്ല സിനിമ കിട്ടണം. ഞാൻ സിനിമയിൽ വരുമ്പോൾ മികച്ച സംവിധായകരുടെയും തിരക്കഥാകൃത്തുക്കളുടെയും വലിയ ഒരു നിര ഉണ്ടായിരുന്നു. അവർ ഒരുക്കിയ സിനിമയുടെ ഭാഗമാവാൻ കഴിഞ്ഞത് ഭാഗ്യമാണ്. പുതുതലമുറയ്ക്കും ആ ഭാഗ്യം ഉണ്ടാവട്ടെ. വലിയ ബുദ്ധിമുട്ട് അനുഭവിക്കാതെ സിനിമയിൽ എത്താൻ എനിക്ക് കഴിഞ്ഞു. ""ഈ വാക്കുകൾ വെള്ളിത്തിരയിലെ പുതുതലമുറയ്ക്ക് നൽകുന്ന ഊർജ്ജം വലുതാണ്.
വിജയങ്ങളെ മോഹൻലാൽ എന്ന നടൻ ഒരിക്കലും തലയിലേറ്റാറില്ല. വിജയത്തെ അതിന്റെ വഴിക്ക് വിടുന്നു. പരാജയത്തിൽ ദുഃഖിക്കാറില്ല. ഓരോ സിനിമയ്ക്കും അതിന്റേതായ വിധിയുണ്ടെന്നാണ് ലാൽ ശാസ്ത്രം.അതിനെ അതിന്റെ വഴിക്കു വിടുകയാണ് ഇക്കാലമത്രയും ചെയ്തത്. ഇനിയും അത് ആവർത്തിക്കുക തന്നെ ചെയ്യും. പോയ കാലത്ത് തേടി എത്തിയ അംഗീകാരങ്ങളിൽ പോലും ആഹ്ളാദത്തിന്റെ അതിർവരമ്പ് ലംഘിച്ചത് കാണാൻ കഴിയില്ല.പദ്മഭൂഷണും ദേശീയ അവാർഡും ഉൾപ്പെടെ എത്രയോ അംഗീകാരങ്ങൾ. പുരസ്കാരങ്ങൾക്കുവേണ്ടി കാത്തിരിപ്പുമില്ല.
'' അംഗീകാരം ലഭിക്കാത്ത എത്രയോ പേരുണ്ട്. എനിക്കു തന്നെ എത്രയോ പ്രാവശ്യം അവാർഡ് നഷ്ടപ്പെട്ടു. അവാർഡ് ലഭിച്ചില്ലെന്ന് പലരും സങ്കടപ്പെടുന്നത് കണ്ടു. ഭാഗ്യം അംഗീകാരങ്ങളുടെ ഒരു ഘടകമാണെന്ന് വിശ്വസിക്കുന്നു. അത്തരം ഭാഗ്യങ്ങളിലൂടെ സഞ്ചരിച്ച ഒരാളാണ് ഞാൻ. വീണ്ടും വീണ്ടും ആ ഭാഗ്യം വേണമെന്ന് ശഠിക്കുന്നത് ശരിയല്ല. സംഭവിക്കുന്നത് സംഭവിക്കട്ടെ.എല്ലാവരെയും പോലെ എനിക്കും സ്ട്രെസുണ്ട്. പക്ഷേ ഞാൻ അതിന് പിടികൊടുക്കാറില്ല. വികാരവിക്ഷോഭങ്ങളുടെ ചാക്കുകെട്ടുകൾ ചുമക്കാറില്ല.
ആളുകൾ ഒരുപാട് ചാക്കുകെട്ടുകൾ ചുമന്നു നടക്കുന്നു. നിങ്ങളുടെ മനസ് ഏറ്റവും രസകരമായി മാറുമ്പോഴാണ് മുഖത്ത് അത് പ്രതിഫലിക്കുന്നത്. ചെറിയ കാര്യങ്ങൾക്കാണ് ആളുകൾ വലിയ കുഴപ്പം സൃഷ്ടിക്കുന്നത്.പ്രതികരിക്കേണ്ട കാര്യങ്ങളിൽ മാത്രം ശബ്ദം ഉയർത്തണം. ഒരാൾ ഒരുഅഭിമുഖത്തിന് വരുമ്പോൾത്തന്നെ എനിക്ക് പേടിയാണ്. ഞാൻ പറയുന്നതാവില്ല ചിലപ്പോൾ വരിക.ഞാൻ പറയാത്ത എത്രയോ കാര്യങ്ങൾ പലരും എഴുതി.അത് കണ്ടയുടൻ ഞാൻ അവരെ വിളിച്ചിട്ട് ഞാനങ്ങനെയൊന്നും പറഞ്ഞിട്ടില്ലല്ലോയെന്ന് ചോദിക്കാറില്ല.എന്തിനാണ് വെറുതേ സമയവും ഊർജ്ജവും നഷ്ടപ്പെടുത്തുന്നത്.എന്നെപ്പറ്റി മോശമായി എഴുതിയാലും എനിക്ക് ഒന്നും തോന്നില്ല. അങ്ങനെ ഒരു സ്വഭാവം രൂപപ്പെടുത്തിയെടുത്തു.""ഇങ്ങനെ പ്രതികരിക്കാൻ മോഹൻലാലിന് മാത്രമേ കഴിയൂ. എല്ലാത്തിനെയും അതിന്റെ വഴിക്കുവിടുന്ന രീതി.അനാവശ്യമായ ഒന്നും മനസിൽ സൂക്ഷിക്കാത്ത പ്രകൃതം.'എന്താ ലാലേട്ടൻ ഇങ്ങനെയെന്ന് " ചോദിച്ചാൽ 'ഞാൻ ഇങ്ങനെയാണ് മോനേ"എന്ന മറുപടി കേൾക്കുമെന്ന് പ്രേക്ഷകർക്ക് അറിയാം.
വർഷം രണ്ടോ മൂന്നോ സിനിമകൾ മാത്രമേ മോഹൻലാൽ ഇപ്പോൾ ചെയ്യാറുള്ളു.എന്നാൽ പ്രേക്ഷകരുടെ ആവേശത്തിന് മാത്രം ചോർച്ചയില്ല. എത്രയോ തിരക്കഥകളാണ് മടക്കി അയയ്ക്കുന്നത്.'' നമുക്ക് താത്പര്യം തോന്നുന്ന സിനിമ ഉണ്ടാവണം. എഴുതുന്ന ആളിനും അത് സംവിധാനം ചെയ്യാൻ പോവുന്ന ആളിനും ചിലപ്പോൾ അതു വലിയ സിനിമയായിരിക്കും. പക്ഷേ വായിക്കുമ്പോൾ നമ്മൾ ചെയ്യേണ്ട സിനിമയെന്ന് തോന്നില്ല. അപ്പോൾ ഉപേക്ഷിക്കും."" മോഹൻലാലിന്റെ വാക്കുകൾ.
ചലച്ചിത്ര ജീവിതത്തിൽ പുതിയ ഒരു ഏടിലേക്ക് പ്രവേശിക്കാൻ തയ്യാറെടുക്കുകയാണ് മോഹൻലാൽ. സംവിധായകന്റെ കുപ്പായം.കൊവിഡ് തീവ്രത കഴിഞ്ഞാലുടൻ ബറോസിന്റെ ചിത്രീകരണം ആരംഭിക്കും.ബറോസ് ഒരു ത്രിമാന ചിത്രമാണ്. കോടികളുടെ ബഡ്ജറ്റ്.
ഇന്ത്യൻ സിനിമയിലെ എല്ലാ ഭാഷയിൽനിന്നും പ്രതിഭാധനർ ബറോസിന് മുന്നിലും പിന്നിലും ഉണ്ടാവും. അക്ഷരാർത്ഥത്തിൽ ലാൽ മാജിക്ക് തന്നെ.. മോഹൻലാലിനെ പോലെ പ്രേക്ഷകരും ആവേശത്തിലാണ്. ആഘോഷങ്ങളുടെ തമ്പുരാൻ നമുക്ക് സമ്മാനിക്കാൻ പോകുന്നത് മാന്ത്രികതയുടെപുത്തൻ ദൃശ്യാനുഭവമാകുമ്പോൾ ആകാംക്ഷ വാനോളം ഉയരുന്നു. ഇനി, കാത്തിരിപ്പ് മാത്രം.നെഞ്ചിനകത്ത് ലാലേട്ടൻ.