കൊച്ചി: കൊച്ചിയിലെ ഹോട്ടലിൽ പെൺകുട്ടി രക്തം വാർന്ന് മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. അമിത രക്തസ്രാവമാണ് മരണത്തിന് കാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ നിന്ന് വ്യക്തമായി. സ്വകാര്യ ഭാഗത്ത്മുറിവുണ്ടായതുമൂലം ശരീരത്തിലെ മൂന്നിലൊന്ന് രക്തവും നഷ്ടമായി. കേസിലെ പ്രതിയായ ഗോഗുലിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
പെൺകുട്ടികളെ പരിചയപ്പെട്ട് ചതിക്കുഴിയിൽ വീഴ്ത്തുന്നതാണ് ഇയാളുടെ സ്ഥിരം പരിപാടി. മരിച്ച ഏഴുപുന്ന സ്വദേശിനിയ്ക്ക് ഇയാളെ ഒരുമാസത്തെ പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളു. സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന പെൺകുട്ടിയെ ജോലി ശരിയാക്കിത്തരാം എന്ന് വാഗ്ദ്ധാനം ചെയ്താണ് പ്രതി വലയിലാക്കിയത്. ശേഷം ഇന്റർവ്യൂ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് കൊച്ചിയിൽ കൊണ്ടുപോയി ഹോട്ടലിൽ മുറിയെടുക്കുകയായിരുന്നു.
ഈമാസം 12ന് രാവിലെയാണ് പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ ഹോട്ടലിൽ കണ്ടെത്തിയത്. ഹോട്ടൽ ജീവനക്കാരന്റെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെൺകുട്ടി മരിച്ചതിന് പിന്നാലെ ഇയാൾ സംഭവ സ്ഥലത്തുനിന്ന് മുങ്ങിയിരുന്നു. പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ മുമ്പ് പോക്‌സോ കേസിൽ പ്രതിയായിരുന്നു. ഇരയായ പെൺകുട്ടിയെ പിന്നീട് വിവാഹം കഴിച്ചെങ്കിലും ആ ബന്ധം അധികം നീണ്ടുനിന്നില്ല.