dubai

ദുബായ്: യു.എ.ഇയും ഇസ്രായേലും തമ്മിൽ സമാധാന കരാർ പ്രഖ്യപിക്കുകയും നയതന്ത്ര ബന്ധം സ്ഥാപിക്കാൻ ഒരുങ്ങുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇരു രാജ്യങ്ങളിലെയും റിയൽഎസ്റ്റേറ്റ് മേഖലയിൽ കണ്ണും നട്ടിരിക്കുകയാണ് നിക്ഷേപകർ. ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര വാണിജ്യ ബന്ധം നടപ്പിലാക്കുന്നതിനായുളള ചർച്ചകൾ നടന്നു വരികയാണ്. ഇതിൽ തീരുമാനമുണ്ടായാൽ ഇസ്രയേലിലെ വ്യക്തികളും സ്ഥാപനങ്ങളും ദുബായിലെ റിയൽ എസ്റ്റേറ്റ് വ്യവസായത്തിൽ നിക്ഷേപം നടത്താൻ തയ്യാറാണെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.

യു.എ.ഇയിലെ റിയൽ എസ്റ്റേറ്റ് വ്യവസായത്തിൽ പങ്കാളിയാവാൻ ഇസ്രയേൽ നിക്ഷേപകർ ആഗ്രഹിക്കുന്നതായി ടെൽ അവീവ് ആസ്ഥാനമായുള്ള ബ്യൂചാംപ് എസ്റ്റേറ്റ്സിലെ അസോസിയേറ്റ് ഡയറക്ടർ മാത്യു ബോർട്നിക് പറഞ്ഞു. ഇസ്രായേലിയൻ നിക്ഷേപകരായ വ്യക്തികളിൽ‌ നിന്നും സ്ഥാപനങ്ങളിൽ‌ നിന്നും കഴിഞ്ഞ രണ്ടാഴ്ചയായി അമ്പതിലധികം അന്വേഷണങ്ങളാണ് ഇത് സംബന്ധിച്ച് തങ്ങൾക്ക് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ബ്യൂചാംപ് എസ്റ്റേറ്റ് അന്താരാഷ്‌ട്ര തലത്തിൽ റിയൽ എസ്റ്റേറ്റ് വിപണി നടത്തുന്ന ഇടനില കമ്പനിയാണ്. യു.കെ, യുഎസ് ഫ്രാൻസ്, ഗ്രീസ് എന്നിവിടങ്ങളിലും ബ്യൂചാംപ് എസ്റ്റേറ്റിന് ശാഖകളുണ്ട്. അതേസമയം ഇസ്രായേലിലെ പ്രോപ്പർട്ടി മാർക്കറ്റിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന ദുബായി നിക്ഷേപകരിൽ നിന്ന് ഇരുപതിലധികം അന്വേഷണങ്ങൾ വന്നതായും ബ്യൂചാംപ് എസ്റ്റേറ്റ് അറിയിച്ചു.

യു.എ.ഇ സർക്കാരിന്റേത് ധീരമായ നടപടിയാണെന്നും ഇതിലൂടെ നിരവധി പേർക്ക് വാണിജ്യ രംഗത്ത് പുതിയ അവസരങ്ങൾ ലഭിക്കുമെന്നും മാത്യു ബോർട്നിക് പറഞ്ഞു. ഇസ്രായേലിനെ അപേക്ഷിച്ച് യു.എ.യിൽ സ്ഥലത്തിന് വിലക്കുറവായതിനാൽ അനേകം നിക്ഷേപകർ ഇവിടേക്ക് വരുന്നത് കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു.