k-surendran

തിരുവനന്തപുരം: പി എസ് സി റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ചതിനാൽ ജോലി ലഭിക്കില്ലെന്ന വിഷമത്തിൽ ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രിക്കും പി എസ് സി ചെയർമാനുമെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

'പി എസ് സിയുടെ സുതാര്യത നഷ്ടമാക്കി. ഒ എം ആർ ഷീറ്റിൽ പോലും തട്ടിപ്പാണ്. അനുവിന്റെ കുടുംബത്തിനെ സഹായിക്കാൻ സർക്കാർ തയ്യാറാവണം. അനുവിന്റെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമല്ല. പത്താം ക്ലാസ് പാസാകാത്ത സ്വപ്‌നയ്ക്ക് രണ്ട് ലക്ഷം രൂപ മാസ ശമ്പളം കൊടുത്താണ് ഈ സർക്കാർ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമിച്ചത്. എത്ര എത്ര സ്വപ്‌നമാർ ഇങ്ങനെ നിയമിതരായി. പൊലീസ് കോൺസ്റ്റബിൾ പരീക്ഷ അട്ടിമറിച്ച ഡി വൈ എഫ് ഐ-എസ് എഫ് ഐ ക്രിമിനലുകളെ സർക്കാർ സംരക്ഷിക്കുകയാണ്. ഡി വൈ.എഫ്.ഐ നേതാക്കന്മാരുടെ ഭാര്യമാർക്കും ബന്ധുക്കൾക്കും വരെ സർക്കാർ ജോലിയായി. ദേശീയ, സംസ്ഥാന നേതാക്കളുടെ ഭാര്യമാർക്കും ജോലി നൽകി. ഭാര്യമാരുടെ നവോത്ഥാനം മാത്രമാണ് നടക്കുന്നത്- സുരേന്ദ്രൻ ആക്ഷേപിച്ചു.

ചീഫ് സെക്രട്ടറി പാർട്ടി സെക്രട്ടറിയെ പോലെയാണ് പ്രവർത്തിക്കുന്നതെന്ന് പറഞ്ഞ സുരേന്ദ്രൻ വിശ്വാസ് മേത്ത ഐ എ എസ് ആണോ വിശ്വാസ് മേത്ത പി ബി ആണോ എന്നാണ് അറിയാൻ മേലാത്തതെന്നും കുറ്റപ്പെടുത്തി. ലാവ് ലിൻ കേസിൽ നിന്ന് പിണറായിയെ രക്ഷപെടുത്തിയതിന്റെ പാപക്കറയിൽ നിന്ന് ടി കെ.എ നായരും ആന്റണിയും അടക്കമുളളവർക്ക് ഒഴിവാകാൻ കഴിയുമോ എന്നും സുരേന്ദ്രൻ ചോദിച്ചു.