sucide

തിരുവനന്തപുരം: പി എസ്‍ സി നിയമനം ലഭിക്കാത്തതിൽ മനംനൊന്ത് തിരുവനന്തപുരത്ത് അനു എന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാനമാകെ യുവജന സംഘടനകളുടെ വ്യാപക പ്രതിഷേധം. യുവമോർച്ച പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പാലക്കാട്ട് ഡി സി സി ഓഫീസിൽ നിന്ന് സ്റ്റേഡിയം ബസ്‍ സ്റ്റാന്റിലേക്ക് പ്രകടനമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെയും പി എസ്‍ സി ചെയർമാന്റെയും കോലം കത്തിച്ചു. യുവമോർച്ച പ്രവർത്തകർ സുൽത്താൻ പേട്ട ജംഗ്ഷൻ റോഡ് ഉപരോധിച്ചു. പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നിക്കി.

ആത്മഹത്യചെയ്ത അനുവിന്റെ വീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചു. കുടുംബത്തിന് ഉണ്ടായത് വലിയ നഷ്ടമാണെന്നും കുടുംബത്തിലെ മറ്റൊരാൾക്ക് ജോലിയും സാമ്പത്തിക സഹായവും നൽകണമെന്നും ആവശ്യപ്പെട്ട അദ്ദേഹം റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നും ആവശ്യപ്പെട്ടു.

നേരത്തേ അനുവിന്റെ വീട്ടിലെത്തിയ സികെ ഹരീന്ദ്രൻ എം എൽ എക്ക് എതിരെ പ്രതിഷേധമുണ്ടായി. യുവമോർച്ച പ്രവർത്തകരാണ് പ്രതിഷേധിച്ചത്. പി എസ് സിയെ ന്യായീകരിച്ചു എന്നാരോപിച്ച് പ്രതിഷേധിച്ചവരെ മുതിർന്ന നേതാക്കൾ ഇടപെട്ട‌ാണ് പിന്തിരിപ്പിച്ചത്.

ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പടെയുളള നേതാക്കളും സർക്കാരിനും പി എസ് സിക്കും എതിരെ രംഗത്തെത്തി. ആത്മഹത്യക്ക് കാരണം സർക്കാരാണെന്നും പി എസ് സിയെ സർക്കാർ അട്ടിമറിച്ചെന്നും ചെയർമാനെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ബക്കറ്റിൽ തൊഴിൽ എടുത്ത് വച്ചിട്ടില്ലെന്ന് പറഞ്ഞ് ചെറുപ്പക്കാരെ വെല്ലുവിളിച്ചും അധിക്ഷേപിച്ചും, അവരെ ഒരു മുഴം കയറെടുക്കേണ്ടുന്ന സാഹചര്യം സൃഷ്ടിച്ച സർക്കാരും, പി.എസ്.സിയും തന്നെയാണ് അനുവിന്റെ മരണത്തിനുത്തരവാദിയെന്നും കേരളം മുഴുവൻ അതിശക്തമായ പ്രതിഷേധ സമരങ്ങളുമായി, അനുവിനു നീതി തേടി യൂത്ത് കോൺഗ്രസ് ഉണ്ടാകുമെന്നുമായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഷാഫി പറമ്പിലിന്റെ പ്രതികരണം.