ബെർലിൻ: ജർമ്മൻകാരനായ സാൻഡ്രോയെ ആദ്യമായി കാണുമ്പോൾ, നിങ്ങൾ ഞെട്ടി വിറച്ചേക്കാം, അല്ലെങ്കിൽ ഇയാളെന്താ ഹോളിവുഡ് ഫാന്റസി സിനിമകളിലെ വില്ലന്മാരെ പോലെ നടക്കുന്നതെന്ന് ചിന്തിച്ചേക്കാം. മിസ്റ്റർ സ്കൾ ഫേസ് എന്നറിയപ്പെടുന്ന സാൻഡ്രോ സ്വന്തം ഗെറ്റപ്പ് മാറ്റാൻ ലക്ഷങ്ങളാണ് ചെലവഴിക്കുന്നത്. രൂപമാറ്റം വരുത്താനായി ശരീരത്തിന്റെ പല ഭാഗത്തായി 17 ശസ്ത്രക്രിയകളാണ് സാൻഡ്രോ നടത്തിയത്. ഇതിനൊക്കെയായി ഇതുവരെ 6,000 പൗണ്ട് (5.8 ലക്ഷത്തോളം രൂപ) ഈ 39 കാരൻ ചെലവഴിച്ചു. കൂടാതെ മുഖത്തടക്കം വിവിധ റ്റാറ്റൂകളും ശരീരത്തിൽ പലയിടങ്ങൾ തുളച്ച് അവിടെ ചെറിയ റിംഗുകളും കമ്മലുകളും അണിയുകയും ചെയ്തു. ഇപ്പോൾ തന്റെ ചെവിയും നീക്കം ചെയ്ത് എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ് സാൻഡ്രോ. 2019ൽ നീക്കം ചെയ്ത ചെവികൾ സാൻഡ്രോ ഒരു ജാറിലടച്ച് സൂക്ഷിച്ചിട്ടുണ്ടെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ഇനി മൂക്കിന്റെ അറ്റം മുറിച്ച് മാറ്റാനുള്ള ഒരുക്കത്തിലാണ് സാൻഡ്രോ.
സാധാരണക്കാരനായി ജീവിക്കുന്നതിൽ ത്രില്ലില്ലെന്നാണ് സാൻഡ്രോയുടെ പക്ഷം. ശരീരത്തിൽ വരുത്തിയ മാറ്റങ്ങൾ തന്റെ ജീവിതത്തിൽ സുപ്രധാന സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് സാൻഡ്രോ പറയുന്നു.
സാൻഡ്രോയുടെ രൂപമാറ്റം കാരണം പല കമ്പനികളും ഇയാൾക്ക് ജോലി നൽകുന്നതിൽ വിമുഖത കാണിക്കാറുണ്ട്. എന്നാൽ, അവരൊക്കെ യാഥാസ്ഥിതികരായതിനാലാണ് അത്തരത്തിൽ ചിന്തിക്കുന്നതെന്ന് സാൻഡ്രോ പറയുന്നു. വിമർശനങ്ങളും പരിഹാസവും ആത്മവിശ്വാസം വർദ്ധിപ്പിച്ചെന്നും സാൻഡ്രോ കൂട്ടിച്ചേർത്തു.