ഇസ്‌താബൂൾ: തുർക്കിയിലെ ചരിത്ര സ്‌മാരകമായിരുന്ന ഹഗിയ സോഫിയ മുസ്ലിം പള്ളിയാക്കിയതിന് പിന്നാലെ പുതിയ മാറ്രങ്ങൾ പ്രഖ്യാപിച്ച് സർക്കാർ. പള്ളി സന്ദർശിക്കുന്നവർ ഇനി ശരീര ഭാഗങ്ങൾ പ്രദർശിപ്പിക്കുന്ന രീതിയിൽ വസ്ത്രം ധരിക്കാൻ പാടില്ല. സ്ത്രീകൾ തല മറച്ചു കൊണ്ട് മാത്രമേ പള്ളിയിൽ പ്രവേശിക്കാവൂ. പ്രാർത്ഥനാ സമയത്തൊഴിച്ച് ഹഗിയ സോഫിയയിലേക്ക് സന്ദർശകരെ പ്രവേശിപ്പിക്കുമെന്ന് നേരത്തെ തുർക്കി സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഈ സന്ദർശകർക്കായാണ് പുതിയ നിബന്ധനകൾ.
ചട്ടം ലംഘിക്കുന്നവർ പിഴ നൽകേണ്ടി വരും. ജൂലായ് മാസത്തിൽ ഹഗിയ സോഫിയ മസ്ജിദാക്കിയതിനു പിന്നാലെ ഇവിടയുള്ള ക്രിസ്‌ത്യൻ ആരാധനാ ബിംബങ്ങൾ പ്രാർത്ഥനാ സമയത്ത് മറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഹഗിയ സോഫിയയ്ക്കു പിന്നാലെ ചരിത്ര പ്രസിദ്ധമായ ചോറ മ്യൂസിയം കൂടി തുർക്കിയിൽ പള്ളിയാക്കി മാറ്റിയിരുന്നു.