
ന്യൂഡൽഹി: ഡൽഹിയിൽ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതിന് പിന്നാലെ പൊലീസ് പിടിയിലായ ഭീകരൻ മുസ്തകിം ഖാൻ ഉത്തർപ്രദേശിൽ യുവാക്കളെ പരിശീലിപ്പിച്ചിരുന്നതായി റിപ്പോർട്ടുകൾ പുറത്ത്. മുസ്തകിം ഖാൻ സിദ്ധാർത്ഥനഗർ ജില്ലയിലുളള ഒരു പ്രാദേശിക പള്ളിയിലെ സ്ഥിരം സന്ദർശകനാണ്. ഇവിടെ എത്തിയ ഇയാൾ യുവാക്കളെ ഭീകരവാദ പ്രവർത്തനങ്ങളിലേർപ്പെടാൻ പ്രലോഭിപ്പിക്കുമായിരുന്നു.ഭീകര സംഘടനയായ ഐസിസിന്റെ ഭരണം ഇന്ത്യയിൽ സ്ഥാപിക്കുകയായിരുന്നു ഇതിലൂടെ ഇയാൾ ആഗ്രഹിച്ചിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഐസിസ് സാന്നിദ്ധ്യം രാജ്യത്ത് ഉറപ്പാക്കാൻ കഴിഞ്ഞ രണ്ട് വർഷമായി ഇയാൾ ശ്രമിക്കുയായിരുന്നു. ഇന്ത്യയിൽ ചാവേർ ആക്രമണം നടത്താനും മുസ്തകിം ആഗ്രഹിച്ചതായി അധികൃതർ പറയുന്നു. ഇതിനു മറ്റാരിൽ നിന്നും സഹായം ലഭിക്കാതായപ്പോൾ സ്വയം ചാവേർ ആക്രമണം നടത്താൻ പദ്ധതിയിടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
ഈ കഴിഞ്ഞ ഓഗസ്റ്റ് 21നാണ് ഡൽഹിയിലെ ഒരു കുന്നിൻ പ്രദേശത്ത് നിന്നും ഇയാൾ പൊലീസിന്റെ പിടിയിലാകുന്നത്. രണ്ട് തോക്കുകളും വെടിയുണ്ടകളും ഉൾപ്പെട്ട 12 കിലോ സ്ഫോടക വസ്തുക്കളാണ് ഇയാളിൽ നിന്ന് അന്ന് പിടിച്ചെടുത്തിരുന്നത്. തുടർന്ന് ഉത്തർപ്രദേശിലെ ഇയാളുടെ വീട്ടിൽ നിന്നും നിരവധി സ്ഫോടക വസ്തുക്കൾ കണ്ടെടുക്കുകയും ചെയ്തു.