power-point-presentation

ഒട്ടാവ: കനേഡിയൻ സ്വദേശിയായ ക്രിസ്റ്റഫർ ഡോയലിനോട് മകൾ കുറെ നാളായി പറയുന്നു ഒരു പൂച്ചക്കുട്ടിയെ വാങ്ങി കൊടുക്കാൻ. ഡോയലാകട്ടെ, മകളുടെ ആഗ്രഹത്തിന് പച്ചക്കൊടി കാട്ടിയില്ല. എന്നാൽ, തന്റെ ആഗ്രഹം മറന്ന് കളയാനൊന്നും മകൾ തയ്യാറായില്ല.

എന്തുകൊണ്ട് തനിക്ക് അച്ഛൻ ഒരു പൂച്ചയെ വാങ്ങിത്തരണം എന്നൊരു പവർ പോയിന്റ് പ്രസന്റേഷൻ ക്രിസ്റ്റഫറിന്റെ മകൾ തയ്യാറാക്കി. ധാരാളം സ്ലൈഡുകളുമായി തന്റെ ആവശ്യം ന്യായമാണ് എന്ന് സാധൂകരിക്കും വിധമാണ് മിടുക്കിയുടെ പ്രസന്റേഷൻ.

'ഞങ്ങളുടെ മകൾ ഒരു പവർപോയിന്റ് പ്രസന്റേഷൻ തയ്യാറാക്കി' എന്ന തലക്കെട്ടോടെ ക്രിസ്റ്റഫർ തന്നെയാണ് ട്വിറ്ററിൽ ചില സ്ലൈഡുകളുടെ ചിത്രങ്ങൾ പങ്കുവച്ചത്. പൂച്ചയെ വാങ്ങുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്ന തലക്കെട്ടുള്ള സ്ലൈഡിൽ അതിനെ സാധൂകരിക്കും വിധം ആറ് പോയിന്റുകൾ അവൾ തയ്യാറാക്കിയിട്ടുണ്ട്.

1. എന്റെ സഹോദരങ്ങൾക്കെല്ലാം പൂച്ചയെ വാങ്ങുന്ന കാര്യത്തിൽ സന്തോഷമേയുള്ളൂ
2. പൂച്ചയെ വളർത്തിയാൽ സമ്മർദം കുറയും. സന്തോഷത്തോടെയും ഇരിക്കാം
3. പൂച്ചയായതുകൊണ്ട് എല്ലാ ദിവസവും നടത്തിക്കാൻ കൊണ്ടുപോകേണ്ട.
4. പൂച്ചയുണ്ടെങ്കിൽ നല്ല രസം ആയിരിക്കും.
5. ഞാൻ വീണ്ടും പൂച്ചയെ വാങ്ങിത്തരണം എന്ന് പറയില്ല.
6. പൂച്ചയേയും അതിരിക്കുന്ന സ്ഥലവും വൃത്തിയാക്കുന്ന ചുമതല ഞാൻ ഏറ്റെടുക്കാം. എന്നിവയാണ് പോയിന്റുകൾ.

അതേസമയം, മകളുടെ പ്രായമോ പേരോ ഡോയൽ വെളിപ്പെടുത്തിയിട്ടില്ല.

മറ്റൊരു സ്ലൈഡിൽ താഴത്തെ നിലയിലുള്ള തന്റെ മുറയിൽ നിന്നും പൂച്ച ഒരു കാരണവശാലും മുകൾ നിലയിലേക്ക് കയറിവരില്ല എന്നും 5 വർഷം മുൻപ് വാങ്ങിത്തരാം എന്ന് പറഞ്ഞ ഹാംസ്റ്റെർ ഇതുവരെയും തനിക്ക് കിട്ടിയിട്ടില്ല എന്നും മകൾ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് പൂച്ചയെ വാങ്ങിത്തരുന്നതിനെപ്പറ്റി പിതാവ് കാര്യമായി ചിന്തിക്കണം എന്ന അപേക്ഷയും ഒരു പൂച്ചയുടെ ചിത്രവും ചേർന്നതാണ് അവസാന സ്ലൈഡ്. ട്വിറ്ററിൽ വൈറായി മാറിയ ഈ ട്വീറ്റ് കണ്ടവരെല്ലാം ഒരൊറ്റ കാര്യമാണ് ഡോയലിനോട് ആവശ്യപ്പെടുന്നത്. 'മകൾക്ക് ഒരു പൂച്ചയെ വാങ്ങി കൊടുക്കൂ'...എന്ന്