ന്യൂയോർക്ക്: ലോകത്ത് കൊവിഡ് രോഗികൾ രണ്ടരക്കോടി (2,52, 00,007) കടന്നു. മരണം 8.48 ലക്ഷം. 17.54 ലക്ഷം പേർ രോഗമുക്തി നേടിയെന്നതാണ് ആശ്വാസം.
ലോകത്താകെയുള്ള കൊവിഡ് രോഗികളിൽ 40 ശതമാനവും അമേരിക്കയിലും ബ്രസീലിലുമാണെന്ന് റിപ്പോർട്ട്.
അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം 61 ലക്ഷം പിന്നിട്ടു. ഇതുവരെ 61,39,748 പേർക്കാണ് യു.എസിൽ രോഗം സ്ഥിരീകരിച്ചത്. മരണം 1,86,955 ആയി ഉയർന്നു. ബ്രസീലിലും രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. രാജ്യത്ത് 38,46,965 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണം1,20,498 ആയി.
അമേരിക്കയിൽ പുതിയ കേസുകളും മരണവും കുറഞ്ഞുവരികയാണെങ്കിലും മിഡ്വെസ്റ്റിൽ ഹോട്ട്സ്പോട്ടുകളേറുന്നതായാണ് വിവരം. രോഗവ്യാപനത്തിന്റെ ആഗോളവേഗതയിൽ നേരിയ കുറവുണ്ടെന്നാണ് നിഗമനം.
വാക്സിൻ നിർമാണം: ചൈനയുമായുള്ള കരാർ റദ്ദാക്കി കാനഡ
കൊവിഡ് വാക്സിൻ നിർമാണത്തിൽ ചൈനയുമായുള്ള പരസ്പര സഹകരണ കരാറിൽനിന്ന് കാനഡ പിന്മാറി. ചൈനയുടെ ഭൗമ രാഷ്ട്രീയ ആശങ്കകളാണ് കരാർ ഇല്ലാതാക്കാൻ ഇടയാക്കിയതെന്ന് കാനഡ വ്യക്തമാക്കി. പദ്ധതിയുമായി അടുത്ത ബന്ധമുള്ള ശാസ്ത്രജ്ഞനെ ഉദ്ധരിച്ചുകൊണ്ട് പാശ്ചാത്യ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മേയിലാണ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ചൈനീസ് കമ്പനിയായ കാൻസിനോയുമായുള്ള കരാർ അംഗീകരിച്ചത്.
വാക്സിൻ നിർമാണത്തിനാവശ്യമായ വസ്തുക്കൾ കാനഡയിലേക്ക് അയയ്ക്കുന്നത് ചൈനീസ് ഭരണകൂടം തുടർച്ചയായി തടഞ്ഞു. ഇതോടെ ചൈനീസ് കമ്പനി കാൻസിനോ ബയോളജിക്സുമായുള്ള പങ്കാളിത്തം അവസാനിപ്പിക്കുന്നതെന്ന് കാനഡയുടെ നാഷണൽ റിസർച്ച് കൗൺസിൽ വ്യക്തമാക്കുകയായിരുന്നു.
ഇന്നൊവേഷൻ, സയൻസ്, ഇൻഡസ്ട്രി മന്ത്രാലയത്തിന്റെ ഭാഗമായ എൻ.ആർ.സിക്ക് മാർച്ച് അവസാനം മുതൽ ഏകദേശം 44 മില്യൺ ഡോളറിന്റെ സഹായമാണ് ലഭ്യമാക്കിയത്. കാൻസിനോയിൽനിന്ന് ലഭിക്കുന്ന വസ്തുക്കൾ ഉൾപ്പെടുത്തി മോണ്ട്റിയലിൽ നടക്കുന്ന ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായാണ് ഇത്രയും തുക നൽകിയത്.
ചൈനയുമായുള്ള പങ്കാളിത്തം അവസാനിച്ചതിന് പിന്നാലെ അമേരിക്കൻ കമ്പനിയായ വി.ബി.ഐ വാക്സിൻസ് ഉൾപ്പെടെ രണ്ട് വാക്സിൻ നിർമാതാക്കളുമായി സഹകരണം തുടങ്ങിയതായി എൻ.ആർ.സി വ്യക്തമാക്കി.