ന്യൂഡൽഹി:കൊവിഡ് വാക്സിന് വേണ്ടിയുള്ള പരീക്ഷണങ്ങൾ ലോകമെങ്ങും നടക്കുകയാണ്. ഇതിനിടെ വാക്സിന്‍ വികസിപ്പിക്കുന്നതിനായി ബംഗ്ലാദേശിലെ പ്രമുഖ ഫാര്‍മ കമ്പനിയായ ബെക്സിംകോ അദര്‍ പൂനവല്ലയുടെ സിറം ഇന്ത്യ ലിമിറ്റഡില്‍ (എസ്.ഐ.എല്‍) നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചു.
നിക്ഷേപത്തിന്റെ വലുപ്പം വെളിപ്പെടുത്തിയിട്ടില്ല. മുന്‍ഗണനാടിസ്ഥാനത്തില്‍ എസ്.ഐ.ഐയില്‍ നിന്ന് ഈ വാക്‌സിന്‍ അംഗീകരിച്ച ആദ്യത്തെ രാജ്യങ്ങളില്‍ ബംഗ്ലാദേശും ഉണ്ടെന്ന് ഉറപ്പാക്കാനാണ് കരാര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.നിക്ഷേപം വാക്സിനുള്ള അഡ്വാന്‍സായി കണക്കാക്കും, വാക്‌സിന്‍ ആഗോളതലത്തില്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍, അത് ആദ്യമായി ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നായിരിക്കും ബംഗ്ലാദേശെന്ന് ബെക്‌സിംകോ ഉറപ്പിക്കുന്നു.
ഓഗസ്റ്റ് 28 ന് ഇരു കമ്പനികളും തമ്മിലുള്ള കരാര്‍ പ്രഖ്യാപിച്ചു. ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ധാക്കയില്‍ സന്ദര്‍ശിച്ച് 10 ദിവസത്തിന് ശേഷമാണ് തീരുമാനം. ലോകത്തെ വാക്‌സിനുകളുടെ 60% ഇന്ത്യ ഉത്പാദിപ്പിക്കുന്നു. ആദ്യ ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തില്‍ ഓക്‌സ്ഫഡ് വാക്‌സിന്‍ കുത്തിവെച്ചവരില്‍ കൊവിഡ്-19നെതിരെ രോഗപ്രതിരോധ ശേഷി ലഭിച്ചതായി കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കമ്പനി ഐ.സി.എം.ആര്‍ അനുമതിയോടെ ഇന്ത്യയില്‍ ക്ലിനിക്കല്‍ പരീക്ഷണം ആരംഭിച്ചത്.
വാക്‌സിന്റെ വ്യാവസായിക ഉത്പാദനവും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. അതേസമയം, 21 മുതല്‍ 28 ദിവസത്തെ വരെ ഇടവേളയില്‍ എല്ലാവരും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വാക്‌സിന്‍ ഉത്പാദിപ്പിക്കാനുള്ള ഇന്ത്യയുടെ ശേഷിയില്‍ ആശങ്കയില്ലെന്നും 2021ല്‍ 60 കോടി ഡോസ് വാക്‌സിനും 2022ല്‍ 100 കോടി ഡോസ് വാക്‌സിനും ഉത്പാദിപ്പിക്കാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.