ലണ്ടൻ: പ്രീമിയർ ലീഗ് ഫുട്ബാളിൽ പുതിയ സീസണ് തുടക്കം കുറിച്ചുകൊണ്ടുള്ള കമ്മ്യൂണിറ്റി ഷീൽഡ് കിരീട മത്സരത്തിൽ നിലവിലെ ലീഗ് ചാമ്പ്യൻമാരായ ലിവർപൂളിനെ വീഴ്ത്തി ആഴ്സനലിന് കിരീടം. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ 5-4 എന്ന സ്കോറിനായിരുന്നു ഗണ്ണേഴ്സിന്റെ ജയം.
വിഖ്യാതമായ വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് ഷൂട്ടൗട്ടിലേക്ക് നീണ്ടത്. മത്സരത്തിന്റെ 12-ാം മിനിട്ടിൽ ഒബമയാംഗ് ആഴ്സനലിനെ മുന്നിലെത്തിക്കുകയായിരുന്നു. 73-ാം മിനിറ്റ് വരെ ഈ ലീഡ് നിലനിർത്താൻ പീരങ്കിപ്പടയ്ക്കായി. പകരക്കാരനായി ഇറങ്ങിയ താക്കുമി മിനാമിനോയുടെ ഗോളിലൂടെ ലിവർപൂൾ സമനില പിടിച്ചു. പിന്നീട് ഗോൾ നേടാൻ ഇരുവർക്കും സാധിക്കാതിരുന്നതോടെ ജേതാക്കളെ തീരുമാനിക്കാൻ മത്സരം ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു.
ഷൂട്ടൗട്ടിൽ ആഴ്സനലിനായി റീസ്സ് നീൽസൺ, എയ്ൻസ്‌ലി മെയ്റ്റ്ലാൻഡ് നീൽസ്, സെഡ്രിക്, ഡേവിഡ് ലൂയിസ്, പിയറി ഒബമയാംഗ് എന്നിവർ കിക്കുകൾ വലയിലെത്തിച്ചു. ലിവർപൂളിന്റെ റയാൻ ബ്രൂസ്റ്ററുടെ ഷോട്ട് ബാറിലിടിച്ചതാണ് നിർണായകമായത്.
ഇത്തവണ വെംബ്ലിയിൽ ആഴ്സനലിന്റെ രണ്ടാം കിരീട നേട്ടമാണിത്. നേരത്തേ ഇതേ മൈതാനത്ത് ചെൽസിയെ തോൽപ്പിച്ച് എഫ്.എ കപ്പ് കിരീടവും ആഴ്സനൽ സ്വന്തമാക്കിയിരുന്നു.
ആഴ്സനൽ കോച്ചായി നിയമിതനായ ശേഷം മൈക്കൽ ആർട്ടേറ്റയുടെ രണ്ടാം കിരീട നേട്ടമാണിത്.