പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പിലൂടെ ലഭിച്ച പണം പ്രതി തോമസ് ഡാനിയേൽ വിദേശത്ത് നിക്ഷേപിച്ചതായി സൂചന. മക്കളായ റീനു മറിയം തോമസ്, റിയ ആൻ തോമസ് എന്നിവരുടെ സഹായത്തോടെയാണ് ഇയാൾ വിദേശ രാജ്യങ്ങളിൽ പണം നിക്ഷേപിച്ചത്. തട്ടിപ്പിന് പിന്നിലെ പ്രധാന ആസൂത്രകർ റിയയും റീനുവുമാണെന്നും പൊലീസ് പറയുന്നു. പോപ്പുലർ ഫിനാൻസിന്റെ മറവിൽ തോമസ് വാങ്ങിക്കൂട്ടിയ പണം ഇരുവരും ചേർന്നാണ് ഓസ്ട്രേലിയ അടക്കമുളള വിദേശരാജ്യങ്ങളിൽ നിക്ഷേപിച്ചത്.
കേസിൽ അറസ്റ്റിലായ നാലു പേരെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്. തോമസ് ഡാനിയേലിനെതിരെ 2014ലെ കേസ് നില നിൽക്കുന്നതിനാൽ സാങ്കേതിക പരമായി പണം സ്വീകരിക്കാൻ തടസങ്ങൾ നേരിട്ടിരുന്നു. ഇക്കാരണത്താലാണ് പണം മക്കളുടെ പേരിലേക്ക് മാറ്റിയത്. പിന്നീട് തോമസിന്റെ പെൺമക്കൾ തന്നെ പണം ഇടപാട് സ്വയം ഏറ്റെടുത്തു നടത്തുകയായിരുന്നു. വിദേശരാജ്യങ്ങളിൽ കോടിക്കണക്കിന് രൂപയുടെ നിക്ഷേപം നടത്തുകയും കോടികൾ മുടക്കി സംസ്ഥാനത്തിന് പുറത്തായി ഭൂസ്വത്തുകൾ വാങ്ങിക്കൂട്ടുകയും ചെയ്തു. പോപ്പുലർ ഫിനാൻസിന്റെ മറവിൽ നിരവധി എൽ.എൽ.പി. കമ്പനികൾ തുടങ്ങി. ഇത് സംബന്ധിച്ച വിവരങ്ങൾ നിക്ഷേപകരിൽ നിന്നും മറച്ചുവച്ചതായും പറയപ്പെടുന്നു. ഇത്തരം കമ്പനികളിലേക്കാണ് ആളുകളെ കബളിപ്പിച്ച് പണം സ്വീകരിച്ചത്.
പോപ്പുലർ ഫിനാൻസിന്റെ മറവിൽ രണ്ടായിരം കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പൊലീസ്ന്റെ പ്രാഥമിക നിഗമനം. തട്ടിപ്പ് മനസിലാക്കി നിക്ഷേപകർ പരാതിയുമായി എത്തിയതോടെ തോമസ് ഡാനിയേലും പ്രഭയും മുങ്ങിയിരുന്നു. പിന്നാലെ രാജ്യം വിടാൻ ഒരുങ്ങിയ ഇവരുടെ മക്കളെ ഡൽഹി വിമാനത്താവളത്തിൽ നിന്നും പിടികൂടിയിരുന്നു. ഇവർ പൊലീസ് പിടിയിലായത് അറിഞ്ഞതോടെയാണ് തോമസും ഭാര്യയും എസ്.പി ഓഫീസലിലെത്തി കീഴടങ്ങിയത്.