raina

ന്യൂഡൽഹി:ഐ.പി.എല്ലിനായി ദുബായ്‌യിലെത്തിയ ശേഷം പെട്ടെന്ന് നാട്ടിലേക്ക് മടങ്ങാൻ ചെന്നൈ സൂപ്പർ കിംഗ്സ് താരം സുരേഷ് റെയ്നയെ പ്രേരിപ്പിച്ചത് ടീമിലെ 13 പേർക്ക് കൊവിഡ് ബാധ സൃഷ്ടിച്ച മാനസിക സമ്മർദ്ദം. തന്റെ കുഞ്ഞുങ്ങളെയും കുടുംബത്തെയും കുറിച്ചുള്ള ചിന്ത റെയ്നയെ ആകുലപ്പെടുത്തിയിരുന്നുവെന്നും അതിനൊപ്പം പിതൃസഹോദരിയുടെ കുടുംബത്തിനെതിരായ ആക്രമണവും കൂടിയായപ്പോൾ താരത്തിന് സമ്മർദ്ദം താങ്ങാനായില്ലെന്നും ടീമിലുള്ളവർ തന്നെ വെളിപ്പെടുത്തുന്നു. തനിക്ക് കളിയേക്കാൾ വലുത് കുഞ്ഞുങ്ങളാണെന്ന് നാട്ടിലെത്തിയശേഷം ക്വാറന്റൈനിൽ കഴിയുന്ന സുരേഷ് റെയ്ന പറഞ്ഞതായി ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബയോ സെക്യുർ ബബിളിലെ ജീവിതം സമ്മാനിച്ച ഒറ്റപ്പെടലും ടീമംഗങ്ങൾക്കിടയിൽ കൊവിഡ് പടർന്നുപിടിക്കുന്നതു കണ്ടുള്ള ആധിയും റെയ്നയുടെ മടക്കത്തിനു കാരണമായെന്നാണ് ചെന്നൈ സൂപ്പർ കിംഗ്സുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യു.എ.ഇയിലെത്തിയ ശേഷം നടത്തിയ പരിശോധനയിൽ ചെന്നൈ താരം ദീപക് ചാഹർ ഉൾപ്പെടെ 12 പേർക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നീട് യുവതാരം ഋതുരാജ് ഗെയ്‌ഗ്‌വാദിനും കോവിഡ് സ്ഥിരീകരിച്ചു. ടീം മുഴുവൻ ഇപ്പോൾ വീണ്ടും ക്വാറന്റൈനിലാണ്.

ടീം സിഇഒ കാശി വിശ്വനാഥനെയും ക്യാപ്ടൻ ധോണിയെയും പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗിനെയും തന്റെ വിഷമം അറിയിച്ചശേഷമാണ് റെയ്നയുടെ മടക്കം. ധോണി ഉൾപ്പെടെയുള്ളവർ റെയ്‌നയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ലത്രേ. ആകെ വിഭ്രാന്തി ബാധിച്ച അവസ്ഥയിലായിരുന്നു റെയ്നയെന്ന് ഒരു സഹതാരം വെളിപ്പെടുത്തി. റെയ്നയ്ക്കു പുറമെ ടീമംഗങ്ങളിൽ മറ്റുചിലരും ഹോട്ടലിലെ ഒറ്റപ്പെട്ട ജീവിതത്തിൽ അതൃപ്തരാണെന്ന് റിപ്പോർട്ടുണ്ട്. കൊവിഡ് വ്യാപിച്ചതോടെ കുടുംബത്തെക്കുറിച്ച് ഉടലെടുത്ത ആശങ്കയാണ് റെയ്നയുടെ മടക്കത്തിനു കാരണമെന്നാണ് അദ്ദേഹത്തിന്റെ കുടുംബസുഹൃത്തായ അജയ് സേഥിയുടെയും വെളിപ്പെടുത്തൽ.