ഓണം ഓർമ്മ മാത്രമല്ല, കഴിഞ്ഞു പോയ കാലവും വരാൻ പോകുന്ന കാലവും കൂട്ടിച്ചേർക്കുന്ന കണ്ണി കൂടിയാണ്. ആഘോഷിക്കുന്നില്ല എന്ന് പറയുമ്പോഴും ഓണം ആർക്കും അവഗണിക്കാനാവില്ല. പ്രശസ്തരായ ചിലർ അവരുടെ ഗൃഹാതുരത്വം നിറഞ്ഞ ഓണം ഓർമ്മകൾ ഇവിടെ പങ്കിടുന്നു.
ഓണത്തിന് ഒത്തു കൂടും:
ബോസ് കൃഷ്ണമാചാരി
മലയാളികളുടെ മതേതരത്വത്തെ ഊട്ടിയുറപ്പിക്കുന്ന ആഘോഷമാണ് ഓണം. കേരളക്കരയിലെ ഓരോ ആഘോഷങ്ങളിലും സാഹോദര്യത്തിന്റെയും മതേതരത്വത്തിന്റെയും തെളിമയുണ്ട്. എല്ലാ വർഷവും മുംബയിലെ വീട്ടിൽ സുഹൃത്തുക്കളും സഹപ്രവർത്തകരും ഓണത്തിന് ഒത്തു കൂടും. ഇത്തവണയും മുംബയിലെ വീട്ടിലാണ് ഓണം. കൊവിഡിനെ തുടർന്ന് കുടുംബത്തോടൊപ്പം ആഘോഷം ഒതുക്കും.
ഓർമ്മയിലെന്നും പഴയ കുട്ടിക്കാലമുണ്ട്. ഗൃഹാതുരമായൊരു ഓണക്കാലം. കൈതോലകൊണ്ടു മെടഞ്ഞ പൂക്കൂടയുമായി ബന്ധുക്കളായ കുട്ടികളുമൊത്ത് പൂക്കൾ പറിക്കാനായി കയറിയിറങ്ങിയ മലകളും കുന്നുകളും ഇന്നും ഓർമ്മയിലുണ്ട്. വീടിനടുത്തു കൂടി കടന്നു പോവുന്ന റെയിൽവേ പാളത്തിനിരുവശവും വിടർന്നു നിൽക്കുന്ന കാക്കപ്പൂവും തുമ്പയും പറിച്ച് പൂക്കളമൊരുക്കുന്നതും കുട്ടിക്കാലത്തെ ഏറ്റവും മനോഹരമായ ഓർമ്മയാണ്.
ഓണം ഐതിഹ്യപരമായും ഇന്നത്തെ സാഹചര്യങ്ങളുമായി താരതമ്യപ്പെടുത്താവുന്നതാണ്. മഹാബലിയുടെ സത്ഭരണത്തെയാണ് വാമനൻ പാതാളത്തിലേക്ക് ചവിട്ടിത്താഴ് ത്തി ഇല്ലാതാക്കിയത്. അതുകൊണ്ടു തന്നെ ലോകത്താകമാനം യശസുയർത്തിയ ഭരണത്തെ നിലനിറുത്താനും മലയാളിക്കാവട്ടെയെന്നതാണ് എന്റെ ഓണാശംസ.
ഓണം എനിക്ക് ഇഷ്ടമല്ല
ബാലചന്ദ്രൻ ചുള്ളിക്കാട്
45 വർഷമായി ഞാൻ ഓണമാഘോഷിച്ചിട്ട്. ഞാൻ മാത്രമല്ല വീട്ടിൽ ആരുംഓണം ആഘോഷിക്കാറില്ല. കുടുംബവീട്ടിൽ താമസിച്ചിരുന്നപ്പോൾ ആഘോഷിച്ചിട്ടുണ്ട്. അവിടുന്ന് വിട്ട് എറണാകുളത്ത് വന്നതിനു ശേഷം ഇന്നേവരെ ഓണത്തെപ്പറ്റി ചിന്തിച്ചിട്ടേയില്ല. ഓണം ആഘോഷിക്കാൻ എനിക്ക് ഇഷ്ടമല്ല. ഓണസദ്യയോ ഓണപ്പുടവയോ ഇല്ല. സാധാ ദിവസം പോലെ ഓണമങ്ങ് പോകും. അതുകൊണ്ട് കൊവിഡ് കാലത്തെ ഓണം എന്ന പ്രത്യേകത എനിക്കില്ല. എനിക്ക് എല്ലാ ഓണവും കൊവിഡ് കാലം പോലെയാണ്. ഓണത്തിന് യാത്രയും പോകാറില്ല. ചിലപ്പോൾ ഷൂട്ടിംഗിന് ലൊക്കേഷനിലായിരിക്കും. ഇപ്പോൾ ഞാൻ മൂന്ന് സീരിയലിന്റെ ഷൂട്ടിംഗ് തിരക്കിലാണ്. അത് ഓണദിവസവും ഉണ്ടാകും. ലൊക്കേഷനിൽ ഓണം ആഘോഷിച്ചാലും ഞാൻ ആഘോഷിക്കാറില്ല.
ഇനിയും ഓണം വരും:
വിശ്വാസ് മേത്ത
ജന്മം കൊണ്ട് മലയാളിയല്ലെങ്കിലും കർമ്മംകൊണ്ട് ഒരു മലയാളിയായിക്കഴിഞ്ഞെന്ന് സ്വയം അഭിമാനിക്കുന്നയാളാണ് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത. ദശകങ്ങൾക്ക് മുമ്പ് വയനാട്ടിലേക്കാണ് ആയിരക്കണക്കിന് കിലോമീറ്രർ താണ്ടി ഈ രാജസ്ഥാൻ കാരൻ ഐ.എ.എസ് ഉദ്യോഗവുമായി വന്നത്. ഭരണത്തിന്റെ നേതൃതലത്തിലിരിക്കുന്നതുകൊണ്ട് ഇന്നും മലയാളിയുടെ ഹൃദയ സ്പന്ദനങ്ങൾ മനസിലാക്കാൻ വിശ്വാസ് മേത്തയ്ക്ക് കഴിയും.
ചീഫ് സെക്രട്ടറിയായതോടെ കവടിയാറിലാണ് താമസം. നേരത്തെ ഓണക്കാലത്ത് കവടിയാറിലെ ദീപാലങ്കാരങ്ങൾ കാണാൻ വിശ്വാസ് മേത്ത കുടുംബ സമേതം കവടിയാറിലെത്തിയിരുന്നു. ഇന്നു കവടിയാറിലെത്തുമ്പോൾ ഓണത്തിന്റെ പകിട്ടുകൾ ഒന്നും കാണാതിരിക്കുമ്പോൾ മനസിൽ ദുഃ ഖം തോന്നുന്നുണ്ട്. എനിക്കിത്ര വിഷമം അനുഭവപ്പെടുന്നെങ്കിൽ ഇവിടെ ജനിച്ചു വളർന്ന മലയാളികൾക്കെല്ലാം എത്ര വിഷമുണ്ടെന്ന് മനസിലാക്കാവുന്നതേയുള്ളൂ. 2018ലാണ് കേരളത്തിൽ വെള്ളപ്പൊക്കം ഉണ്ടായത്. അതൊരു ഓണക്കാലത്തായിരുന്നു. ആഓണം അങ്ങനെ പോയി. അടുത്ത വർഷവും വെള്ളപ്പൊക്കം വന്നു. കഴിഞ്ഞ തവണ ഡി.ജി.പിയോടൊപ്പം ഓണക്കാഴ്ചകൾ കാണാൻ താൻ പോയിരുന്നതായി മേത്ത പറഞ്ഞു.
ഇപ്പോൾ നാം ഒരു മഹാമാരിയുടെ പിടിയിലാണ്. ഇനി കൊവിഡിനോടൊപ്പം ജീവിക്കാനേ പറ്റൂ. കാലം മാറി വരും. സൂര്യനുദിക്കുമ്പോൾ പ്രകൃതി വർണാഭമായിരിക്കും . കാണാൻ നല്ല സുഖമായിരിക്കും. അസ്തമയ സമയത്തും അതുതന്നെ. അതിനിടയ്ക്ക് ഉച്ചവെയിലിനോ. കാഠിന്യം കൂടുതൽ. നാം പുറത്തിറങ്ങില്ല. ഓരോ വെയിൽ കഴിയുമ്പോഴും ഒരസ്തമയും വരും. പിന്നെ ഒരു ഉദയം വരും. കൊവിഡിന് ശേഷം നല്ലകാലം വരുമെന്ന് നമുക്കാശ്വസിക്കാം. കൊവിഡ് നമുക്ക് ദുഃഖങ്ങൾ മാത്രമല്ല , സന്തോഷവും പുതിയ അറിവും തന്നിട്ടുണ്ട്. മുമ്പ് നാം ജോലിയുടെയും ബിസിനസിന്റെയും പിന്നിലായിരുന്നു. നാം കുടുംബത്തെ മാത്രം നോക്കാറുണ്ടായിരുന്നില്ല.കൊവിഡ് നമ്മെ വീട്ടിലിരുത്തി. കുടുംബ ബന്ധങ്ങളുടെ ആഴങ്ങൾ മനസിലാക്കിത്തരുന്നു. അത് നാം ആസ്വദിക്കുക. ദുഃഖമുണ്ടാകുമ്പോഴേ നമുക്ക് സുഖത്തിന്റെ വിലയറിയൂ.
ഓണത്തിന് നാം പൂക്കളമിട്ടു, കലാപരിപാടികൾ നടത്തി, ഓണപ്പാട്ട് പാടി, ഓണസദ്യ കഴിച്ചു,ഷോപ്പിംഗ് നടത്തി. അതില്ലാത്തപ്പോഴാണ് അതിന്റെ വിലയറിയുന്നത്. ഇനി നമുക്ക് വീണ്ടും ഓണം വരും. കള്ളവും ചതിയുമില്ലാത്ത നല്ലകാലം. സമൃദ്ധമായ അടുത്ത ഓണത്തിന് വേണ്ടി നമുക്ക് കാത്തിരിക്കാം. യത്നിക്കാം. ഉള്ളതുപോലെ ഈ ഓണം നമുക്കുണ്ണാം. എല്ലാ മലയാളികൾക്കും ഇവിടെയുള്ളവർക്കും മനസിവിടെയും ജീവിതം അകലങ്ങളിലായി കഴിയുന്നവർക്കും എന്റെ ഓണാശംസകൾ.
എല്ലാവരും സുരക്ഷിതരായിരിക്കട്ടെ:
ദിവ്യ എസ് . അയ്യർ
ഇത്തവണ ഓണം വീട്ടിൽ തന്നെയാണ്. ഇതുവരെയുള്ള ഓണം പലസ്ഥലത്തും ബന്ധുക്കൾക്കൊപ്പവുമൊക്കെയായിരുന്നു. വിവാഹത്തിന് ശേഷം വീട്ടിൽ തന്നെ കാണുമെങ്കിലും ബന്ധുക്കളുടെ വീടുകളിലേക്ക് യാത്രകൾ പതിവായിരുന്നു. മകൻ മൽഹാറിന് ഒന്നര വയസായി. അവൻ ആസ്വദിക്കുന്ന ആദ്യ ഓണം കൂടിയായിരിക്കും ഇത്. പൂക്കളം ഒരുക്കുന്നത് പതിവാണ്. വാവ ഉള്ളതുകൊണ്ട് അത്തപ്പൂക്കളം ഒരുപാട് നേരം അതുപോലെ നിലനിൽക്കുമെന്ന പ്രതീക്ഷയില്ല.
ഓണം കൂട്ടായ്മയുടെ ആഘോഷം തന്നെയാണ് എനിക്കും. ചെറുപ്പത്തിൽ അയൽക്കാരായ കൂട്ടുകാർക്കൊപ്പമായിരുന്നു ഓണം. മസൂറിയയിലെ പരിശീലനകാലത്ത് മറ്ര് സംസ്ഥാനക്കാരായ കുട്ടികളെകൂടി ചേർത്ത് ഗംഭീരമായി ഓണം ആഘോഷിച്ചിരുന്നു. രണ്ടോ മൂന്നോ പേർ മാത്രം ഒന്നിച്ചുള്ള ഓണം ആദ്യമായാണ്.
ഇത്തവണ ആഗ്രഹിക്കുന്നത്ര പൊലിമയോടെ ആർക്കും ഓണം ആഘോഷിക്കാൻ സാധിക്കില്ലായിരിക്കും. പക്ഷേ 'ഉള്ളതുകൊണ്ട് ഓണം" എന്നത് ശീലിച്ചവരാണ് മലയാളികൾ. ഓരോ വർഷത്തെയും ഓണത്തിനും പ്രത്യേകതകളുണ്ടാകും. ഇത്തവണയും മറ്റൊരു തരത്തിലുള്ള പ്രത്യേകതകൾ നിറഞ്ഞ ഓണം...അത്രയേ കരുതുന്നുള്ളൂ. കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കുക എന്നതും ഭാഗ്യമാണ്. എല്ലാവരും സുരക്ഷിതരായിരിക്കണം എന്ന പ്രാർത്ഥനയും മനസിലുണ്ട്.
ഓണാഘോഷങ്ങൾ നഷ്ടപ്പെട്ടു :
ഹരിശ്രീ അശോകൻ
എല്ലാ മലയാളികളും കാത്തിരിക്കുന്ന ദിവസമാണ് ഓണം. വിളവെടുപ്പിന്റെ സമയമാണ് ചിങ്ങം. എല്ലാ കൃഷിക്കാരുടെയും കൈയിൽ പോലും പൈസയുണ്ട്. സാമ്പത്തികമായി ഓണം ആഘോഷിക്കാനുള്ള വക എല്ലാവരുടെയും കൈയിലുണ്ടായിരിക്കും. എന്നാൽ ഇക്കുറി കൊവിഡ് കാലം അറുതിയുടെ നാളുകളാണ്.
മാവേലി വാണിടുന്ന കാലം സത്യസന്ധമായൊരു കാലഘട്ടമായിരുന്നു. ഇന്നത്തെ പോലത്തെ കേരളം അല്ല. കള്ളത്തരമില്ലാത്ത ചതിയില്ലാത്ത ഒരു കാലമുണ്ടായിരുന്നു എന്ന മിത്താണ്. മഹാബലിയെ എതിരേൽക്കുന്ന കാലത്തിലേക്കൊരു മടക്കമാണ് തിരുവോണം. പഴയ രീതിയിൽ ആർക്കും ഓണം ആഘോഷിക്കാൻ സാധിക്കുന്നില്ല. ആരുടെ കൈയിലും സമ്പത്തില്ല. അതിനാൽ സർക്കാർ നൽകുന്ന ഭക്ഷ്യകിറ്റുകളും സഹായങ്ങളും കൊണ്ട് മലയാളി ഓണമുണ്ണാൻ തയ്യാറെടുക്കുകയാണ്. പണ്ട് അച്ഛനും അമ്മയും ഉണ്ടായിരുന്ന കാലത്തായിരുന്നു ഓണം. അവരുടെ ഓർമ്മയാണ് ഇപ്പോൾ ഓണം. അവരുടെ വിയോഗത്തോടെ ഓണാഘോഷങ്ങൾ നഷ്ടപ്പെട്ടു. അമ്മയുണ്ടായിരുന്ന സമയത്ത് സഹോദരന്മാരുടെ ഒപ്പം തിരുവോണനാളിൽ വീട്ടിൽ എല്ലാവരും ഒത്തുചേരും. ഓണസദ്യയ്ക്ക് ശേഷം വൈകിട്ടോടെ ഗാനമേള തുടങ്ങും. വെളുപ്പിന് നാലുവരെ ആഘോഷം നീളും. എന്നാൽ ഇക്കുറി മക്കളോടൊപ്പമാണ് ഓണം. മക്കൾ ഓണത്തിന് വീട്ടിലെത്തി തിരുവോണസദ്യയുണ്ണും.
ഈ ഓണം വിശേഷപ്പെട്ടത്:
സി. രാധാകൃഷ്ണൻ
ഓണം വരുന്നു, കൊറോണയ്ക്ക് പിന്നാലെയാണ് ഓണത്തിന്റെ വരവ്. ഈ ദുരിതകാലത്ത് നമ്മൾ എങ്ങനെയാണെന്ന് നമ്മോട് തന്നെ ചോദിക്കാനുള്ള സമയമാണിത്. കേരളത്തെ എങ്ങനെ നമുക്ക് മാവേലി നാടുവാണിടും കാലമായി മാറ്റാം. അതിനായി മനസിൽ സ്നേഹവും ധൈര്യവും പരസ്പരം സഹകരിക്കാനുള്ള മനോഭാവവുംം ഉണ്ടാവണം. ഒപ്പം സമൂഹം കൂടുതൽ ദൃഢമാകണം. അതിനായി എല്ലാ അതിരുകളും എല്ലാ മതിലുകളും ഇല്ലാതവണം. കേരളീയത എന്ന സാർവ ലൗകിക മനോഭാവം ലോകത്ത് വരാൻ പോവുന്നു എന്നതാണ് സൂചന. മലയാളികളായ നമുക്ക് അഭിമാനിക്കാനും ലോകത്തിന് ഒരുപാട് സംഭാവന ചെയ്യാനും അവസരം ഉണ്ട്. അതിനാൽ ഈ ഓണം വിശേഷപ്പെട്ടതാണ്. മുമ്പില്ലാത്ത പോലെ ഓണമെത്തുന്നത് ആവേശത്തിന്റെയും ഉത്സാഹവത്തിന്റെയും ആഘോഷമായാണ്. എന്തു കഷ്ടപ്പാടും സഹിക്കാനുള്ള ദൃഢമനസു കൂടി നമുക്ക് ഉറച്ച് കിട്ടണം. ഇതിന് ഓണത്തിന് കഴിയുമെന്നാണ് പ്രതീക്ഷ. ഈ ദുരന്തത്തിന് അപ്പുറം നല്ലൊരു പുലരിയിലേക്ക് ഉണർന്ന് അവസാനിക്കുമെന്ന് തീർച്ചയുണ്ട്. ഇങ്ങനെയൊരു മഹാമാരി അടുത്ത കാലത്തൊന്നും ലോകത്ത് ബാധിച്ചിട്ടില്ല. എനിക്ക് അഞ്ചു വയസുള്ളപ്പോഴാണ് കോളറ വരുന്നത്. ഏഴു വയസുള്ളപ്പോഴാണ് മഹാമാരിയായ വസൂരി വന്ന് ഒരു പാടു പേർ മരിച്ചത്. അത്രയൊന്നും അപകടകാരിയല്ല കൊറോണ എന്ന നിശ്ചയം നമ്മുക്കുണ്ടെങ്കിലും ഒരുപാട് ദുരിതം ഇത് വിതയ്ക്കുന്നുണ്ട്. എന്നാൽ ഇതിനെ നമ്മൾ അതീജീവിക്കും.
മത്തങ്ങ പൂവിൽ കളം റെഡി: സലിംകുമാർ
മത്തൻ പൂത്താൽ ഓണമായി എന്നാണ് പഴമക്കാർ പറഞ്ഞിരുന്നത്. സ്കൂളിൽ പഠിക്കുന്ന കാലത്ത് പൂപറിക്കാൻ പോകുമായിരുന്നു. അന്നൊക്കെ കൊന്നപ്പൂ, മൂക്കുറ്റിപ്പൂവ്, കാക്കപ്പൂവ് എല്ലാ പൂവുകളും സുലഭമായിരുന്നു. സ്കൂൾ ക്ലാസുള്ള ദിവസങ്ങളിൽ തലേന്ന് വൈകിട്ട് പറിച്ച പൂവാണ് രാവിലെ അത്തമായി ഇടുന്നത്. പക്ഷേ, വൈകുന്നേരം പൂവ് കുറച്ചേ പറിക്കാൻ കഴിയൂ.
അപ്പോൾ കളം മെഴുകിയിട്ട്, ഒരു മത്തങ്ങയുടെ പൂവ് എടുത്ത് നടുക്ക് വയ്ക്കും. മത്തപ്പൂവ് നടുക്ക് വച്ചു കഴിഞ്ഞാൽ ഒരു മുക്കാൽഭാഗത്തോളം ഈ പൂവ് നോക്കിക്കൊള്ളും. അതിനു ചുറ്റും പാവയ്ക്കാപൂവ് കൂടി വച്ചു കഴിഞ്ഞാൽ കിടിലൻ കളമായി. ഇന്നെവിടെ മത്തനുണ്ട്? വലിയ മത്തങ്ങ. ഇപ്പോൾ കിട്ടുന്ന കൈവെള്ളയിലൊതുങ്ങുന്ന മത്തങ്ങയല്ല, അന്നത്തെ മത്തങ്ങ എങ്ങോ പോയി. പാവയ്ക്ക വീടുകളിൽ വളരെ കുറവായിരുന്നു. എന്റെ വീട്ടിൽ രണ്ട് സെന്റിൽ നിറഞ്ഞു നിൽക്കുന്ന പാവയ്ക്കാ പന്തലു തന്നെ ഉണ്ടായിരുന്നു. മത്തങ്ങ ഉൾപ്പെടെ നിരവധി പച്ചക്കറികൾ ഉണ്ടാകുമായിരുന്നു. 25 സെന്റ് സ്ഥലം കൃഷിയായിരുന്നു.അതിൽ നിന്നും പൂക്കളുണ്ടാകുമായിരുന്നു. മറ്റ്പൂക്കൾ കിട്ടാതിരിക്കുമ്പോൾ ഇതിൽ നിന്നുള്ള പൂക്കളുമെടുക്കുമായിരുന്നു.
ഓണമെന്നു പറയുന്നത് മനുഷ്യന്റെ പ്രകൃതിയുമായി ഇഴപിരിയാനാകാത്ത ബന്ധത്തെ സൂചിപ്പിക്കുന്ന ഒന്നാണ്. വെള്ളം, വായു, അഗ്നി, ഭൂമി, ആകാശം എല്ലാറ്റിനും ദൈവത്തിന്റെ പരിവേഷമായി കണ്ടു. അവരെ സഹായിക്കുന്ന മൃഗങ്ങളെ അവർ ദൈവത്തിന്റെ വാഹനങ്ങളാക്കി. കാളയെ ശിവന്റെ വാഹനമാക്കി. പശുവിനെ ഗോമാതാവാക്കി. ചുണ്ടെലിയുടെ കെൽപ്പിനെ സൂചിപ്പിക്കാനാണ് ഗണപതിയുടെ വാഹനമാക്കിയത്. ഇതൊക്കെ കണ്ടപ്പോൾ നമ്മൾ എന്തു വിചാരിച്ചു. അവരൊക്കെ അപരിഷ്കൃതർ. ഭൂമിയെ നശിപ്പിക്കുന്ന ആളുകളെ പരിഷ്കൃതരെന്ന് വിളിക്കുന്ന ഒരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. പണ്ടുള്ളവർ പറഞ്ഞിട്ടുള്ളത് ഈനാംപേച്ചിയെന്നു പറയുന്നത് പിശാചാണ് എന്നാണ്. അത് ദുഷ്ടജീവിയാണ്. വെള്ളത്തിൽ താഴ്ത്തിക്കളയും, കൊന്നിട്ടുണ്ട് എന്നൊക്കെ എന്റെ അമ്മയും പറഞ്ഞു തന്നിട്ടുണ്ട്. ചൈനയിലെ ഏതോ കാട്ടിൽ കിടന്ന ഈനാം പേച്ചിയെ തിന്നതിന്റെ ഫലമാണ് ഇന്ന് അനുഭവിക്കുന്നത്. അതിന്റെ വയറ്റിൽ കിടക്കുന്ന കൊവിഡ് ഇപ്പോൾ ലോകം മുഴുവൻ പരന്നില്ലേ. പഴമക്കാരെ അപരിഷ്കൃതർ എന്നു വിളിച്ച നമ്മളല്ലേ അപരിഷ്കൃതർ?