വാഷിംഗ്ടൺ: വെളുത്ത വർഗക്കാരിയെ പീഡിപ്പിച്ചെന്ന കേസിൽ കറുത്ത വർഗക്കാരനായ റോണി ലോംഗ് ജയിലിൽ കഴിഞ്ഞത് 44 വർഷം. ശിക്ഷ കഴിഞ്ഞ് ഇക്കഴിഞ്ഞ ദിവസം റോണി പുറത്തിറങ്ങി. ചെയ്യാത്ത കുറ്റത്തിനാണ് റോണിയെ ശിക്ഷിച്ചതെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്നാണ് റോണിക്ക് നോർത്ത് കരോലിന ജയിലിൽ നിന്ന് മോചനത്തിനുള്ള വഴി തെളിഞ്ഞത്. റോണിക്കെതിരെ വാദിച്ചവരും വിധിപറഞ്ഞവരുമൊക്കെ വെളുത്ത വർഗക്കാരായിരുന്നു. പ്രതിക്കായി സംസാരിക്കാൻ എത്തിയത് കറുത്ത വർഗക്കാരും. അതുകൊണ്ടു തന്നെ അവരുടെ വാക്കുകൾ ആരും ചെവിക്കൊണ്ടില്ലെന്നും ചെയ്യാത്ത തെറ്റിന് തന്റെ ജീവിതത്തിന്റെ 44 വർഷങ്ങൾ നഷ്ടപ്പെടുത്തിയെന്നുമാണ് റോണി ലോംഗ് പുറത്തിറങ്ങിയ ശേഷം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞത്. റോണിയുടെ ഉറ്റവരും വക്കീലും ചേർന്ന് നടത്തിയ നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് മോചനം സാദ്ധ്യമായത്. 1976 ഏപ്രിൽ 26ന് നോർത്ത് കരോലിനയിലെ കോൺകോഡിലുള്ള 54കാരിയെ പീഡിപ്പിച്ചു എന്നായിരുന്നു റോണിക്കെതിരെയുള്ള കേസ്. അറസ്റ്റിലായപ്പോഴും കോടതിയിൽ ഹാജരാക്കിയപ്പോഴും താൻ നിരപരാധിയാണെന്ന് റോണി പറഞ്ഞെങ്കിലും ആരും ചെവിക്കൊണ്ടില്ല. ജീവപര്യന്തമായിരുന്നു കോടതി റോണിക്ക് വിധിച്ച ശിക്ഷ.