കൊച്ചി: കൊവിഡും ലോക്ക്ഡൗണും ഇന്ത്യയുടെ ജി.ഡി.പിയിൽ ഏൽപ്പിച്ച ആഘാതത്തിന്റെ ആഴം ഇന്നറിയാം. നടപ്പു സാമ്പത്തിക വർഷത്തെ (2020-21) ആദ്യപാദമായ ഏപ്രിൽ-ജൂണിലെ വളർച്ചാക്കണക്ക് ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (എൻ.എസ്.ഒ) ഇന്ന് പുറത്തുവിടും.
വളർച്ച നെഗറ്റീവ് 25 ശതമാനം വരെ കൂപ്പുകുത്തിയേക്കുമെന്ന വിലയിരുത്തലുണ്ട്. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ വിലയിരുത്തൽ നെഗറ്റീവ് 21 ശതമാനമാണ്. എസ്.ബി.ഐയുടെ പ്രവചനം നെഗറ്റീവ് 16.5 ശതമാനം. എച്ച്.എസ്.ബി.സി നെഗറ്റീവ് 17.5 ശതമാനവും പ്രതീക്ഷിക്കുന്നു. വിദേശ ബ്രോക്കറേജ് സ്ഥാപനമായ ബർക്ളേസ് പ്രവചിക്കുന്നത് നെഗറ്റീവ് 25.5 ശതമാനം.
ഇന്ത്യ തളർച്ചയുടെ ട്രാക്കിൽ തുടരുമ്പോഴാണ് ഇരുട്ടടിയായി കൊവിഡ് എത്തിയത്. മാർച്ച് 25ന് കേന്ദ്രം ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ സമ്പദ്വ്യവസ്ഥ സ്തംഭിച്ചു. ജി.ഡി.പിയുടെ പാതിയോളവും സംഭാവന ചെയ്യുന്ന മാനുഫാക്ചറിംഗ്, നിർമ്മാണം എന്നിവയും വ്യാപാരം, ഗതാഗതം, ഹോട്ടൽ, സേവനമേഖല എന്നിവയും തകർന്നടിഞ്ഞു.
മാനുഫാക്ചറിംഗ് മേഖല നെഗറ്റീവ് 45 ശതമാനം വരെ തളർന്നേക്കുമെന്ന് വിലയിരുത്തപ്പെടുന്നു. അതേസമയം, ലോക്ക്ഡൗണിലെ മികച്ച ഭക്ഷ്യോത്പന്ന ഡിമാൻഡ്, മികച്ച മൺസൂണിന്റെ പിൻബലത്തിലെ ഉയർന്ന വിളവുകൾ എന്നിവയുടെ കരുത്തിൽ കാർഷിക മേഖല മൂന്നു ശതമാനത്തിൽ നിന്ന് അഞ്ചു ശതമാനത്തിലേക്ക് വളർച്ച മെച്ചപ്പെടുത്തുമെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
ചരിത്രത്തകർച്ച
1996 മുതലാണ് ഇന്ത്യ ത്രൈമാസ ജി.ഡി.പി കണക്ക് പുറത്തുവിട്ടുതുടങ്ങിയത്. നടപ്പുവർഷം ഏപ്രിൽ-ജൂണിലെ വളർച്ച, ഇതുവരെയുള്ള കണക്കുകൾ ഏറ്രവും മോശമായേക്കുമെന്ന് കരുതപ്പെടുന്നു.
തളർച്ചയുടെ ലോകം
കൊവിഡ് ആഘാതംമൂലം അമേരിക്കയുടെ ഏപ്രിൽ-ജൂൺ ജി.ഡി.പി വളർച്ച നെഗറ്റീവ് 31.7 ശതമാനത്തിലേക്കും ബ്രിട്ടന്റേത് നെഗറ്റീവ് 21.7 ശതമാനത്തിലേക്കും കൂപ്പുകുത്തി. ഇന്ത്യയുടെ വളർച്ച ബ്രിട്ടനേക്കാൾ താഴെയായിരിക്കുമെന്ന് വിവിധ ഏജൻസികൾ പ്രവചിക്കുന്നു.
ഇന്ത്യയുടെ ക്ഷീണം
വളർച്ചാ നിർണയ സൂചികയിലെ പ്രമുഖ ഘടകങ്ങളായ വ്യാവസായിക ഉത്പാദനം (ഐ.ഐ.പി) ഏപ്രിൽ-ജൂണിൽ നെഗറ്റീവ് 36 ശതമാനം വളർച്ചയാണ് കുറിച്ചത്; വാഹന വില്പന ഇടിവ് 84.8 ശതമാനം. കാർഷികം ഒഴികെയുള്ള സർവമേഖലകളും തളർന്നു.
ജി.ഡി.പി വളർച്ച
മുൻപാദങ്ങളിൽ
(2019-20)
ഏപ്രിൽ-ജൂൺ : 5.2%
ജൂലായ്-സെപ്തം : 4.4%
ഒക്ടോ-ഡിസം : 4.1%
ജനുവരി-മാർച്ച് : 3.1%*
2019-20ൽ : 4.1%**
2018-19 : 6.1%
(*11 വർഷത്തെ താഴ്ച, **എട്ടുവർഷത്തെ താഴ്ച)