സാൻ സാൽവഡോർ: ക്ളാസുകളെല്ലാം ഓൺലൈനായി. പക്ഷേ, ഓൺലൈനായി പഠിക്കുന്നതിന് ഉപകരണങ്ങൾ ഉണ്ടായിട്ടും ഇന്റർനെറ്റ് സിഗ്നൽ ഇല്ലെങ്കിൽ എന്തുചെയ്യും.
'ചെങ്കുത്തായ മലയുടെ മുകളിലെ ഒവില് മരത്തിൽ കയറി ഇരുന്ന് പഠിക്കുമെന്നാണ്' സഹോദരിമാരായ മാറ്റിൽഡെയും മെർലീനും പറയുന്നത്.
ദിവസവും ഒരു പർവതത്തിന് മുകളിലെ ഒലിവ് മരത്തിന് മുകളിൽ കയറിയാണ് ഇരുവരും കോളേജിലെ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നത്. കാരണം, ഇവിടെ മാത്രമാണ് ഇന്റർനെറ്റ് സിഗ്നൽ ഉള്ളത്. എൽ സാൽവഡോറിന്റെ ഉൾപ്രദേശങ്ങളിൽ താമസിക്കുന്ന നിരവധി പേരാണ് സമാന ദുരിതം അനുഭവിക്കുന്നത്. അയൽ രാജ്യമായ ഗ്വാട്ടിമാലയുമായി അതിർത്തി പങ്കിടുന്ന എൽ ടിഗ്രെ കാന്റൻ എന്ന പ്രദേശത്താണ് മാറ്റിൽഡെയും മെർലീനും താമസിക്കുന്നത്.പർവത പ്രദേശത്തെ പട്രോളിംഗിനിടെ ഒരു പൊലീസുകാരനാണ് മരത്തിനു മുകളിലിരുന്ന് പഠിക്കുന്ന പെൺകുട്ടികളെ കണ്ടെത്തിയത്. പൊലീസ് ഉദ്യോഗസ്ഥൻ തന്നെ ഇരുവരുടെയും ചിത്രം പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും അത് വൈറലാകുകയും ചെയ്തു. മഴയുള്ള സമയങ്ങളിൽ ഒരു കിലോമീറ്ററോളം നീണ്ട മറ്റൊരു ചെങ്കുത്തായ പാതയിലൂടെയാണ് ഇരുവരും പർവതത്തിന് മുകളിൽ എത്തുക. പാമ്പുകളുടെയും മറ്റും മുന്നിൽപ്പെടാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. മടക്കാവുന്ന മേശയും കസേരയും കുടയുമൊക്കെ ആയാണ് ഇരുവരുടെയും യാത്ര.