വാഷിംഗ്ടൺ: ഇക്വഡോറിന്റെ ഭാഗമായ ഗാലപ്പഗോസ് ദ്വീപിന് സമീപം നൂറുകണക്കിന് ചൈനീസ് കപ്പലുകളുടെ സാന്നിദ്ധ്യമുണ്ടെന്ന റിപ്പോർട്ടുകൾ ആശങ്കാജനകമെന്ന് അമേരിക്ക.
ട്രാക്കിംഗ് സംവിധാനങ്ങൾ പ്രവർത്തനരഹിതമാക്കിയും പേരു മാറ്റിയും സമുദ്രാവശിഷ്ടങ്ങൾ ഉപേക്ഷിച്ചും മുന്നൂറിലേറെ ചൈനീസ് ജലയാനങ്ങളാണ് ദ്വീപിന് അടുത്ത് നിലയുറപ്പിച്ചിട്ടുള്ളത്.
ഇത് വളരെയധികം ആശങ്കയുണ്ടാക്കുന്നതാണെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ പറഞ്ഞു. ചൈന സുതാര്യമായി പെരുമാറണമെന്നും അനധികൃത മത്സ്യബന്ധനത്തോട് സഹിഷ്ണുത പാടില്ലെന്ന സ്വന്തം നയം നടപ്പാക്കണമെന്നും പോംപെയോ അഭിപ്രായപ്പെട്ടു.
ഇരുരാജ്യങ്ങളുടെയും തർക്കപ്രദേശമായ ദക്ഷിണ ചൈനാക്കടലിനെ ചൊല്ലി കഴിഞ്ഞദിവസം പ്രകോപനമുണ്ടായിരുന്നു. പ്രദേശത്ത് ഔട്ട്‌പോസ്റ്റുകൾ സ്ഥാപിക്കാൻ സഹായിച്ച ചൈനീസ് കമ്പനികൾക്കെതിരെ നടപടിയെടുക്കാൻ ട്രംപ് ഭരണകൂടം നടപടി സ്വീകരിച്ചു. ദക്ഷിണ ചൈനാക്കടലിൽ നാലു മധ്യദൂര ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചാണ് ചൈന ഇതിന് മറുപടി നൽകിയത്.