whale-shark

ചെന്നൈ: തമിഴ്​നാട് കടൽതീരത്ത് തിമിംഗില സ്രാവിന്റെ ജഡം അടിഞ്ഞു. രാമനാഥപുരം ജില്ലയിലെ വാലിനോക്കം കടൽത്തീരത്ത് ഞായറാഴ്ചയാണ് ജഡമടിഞ്ഞത്. ലോകത്തിലെ ഏറ്റവും വലിയ മത്സ്യമാണ് തിമിംഗില സ്രാവ് (Whale Shark).

ജൂണിൽ 18 അടി നീളമുള്ള തിമിംഗില സ്രാവിന്റെ ജഡം രാമനാഥപുരം ജില്ലയിലെ തന്നെ കടൽത്തീരത്ത് നിന്ന് കണ്ടെത്തിയിരുന്നു. മന്നാർ കടലിടുക്ക് മേഖലകളിൽ അത്ര സാധാരണമായി കാണുന്നവയല്ല തിമിംഗില സ്രാവുകൾ. ഇത്തരത്തിലുള്ള അപൂർവ മത്സ്യങ്ങളെ വേട്ടയാടുന്നത് നിയമവിരുദ്ധമാണ്. മൂന്ന് മുതൽ ഏഴ് വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണിതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥനായ സതീഷ് പറയുന്നു.

വളരെയധികം ദൂരം സഞ്ചരിക്കുന്ന ഇനമാണ് തിമിംഗില സ്രാവുകൾ. ചെറു മത്സ്യങ്ങളും മത്സ്യ കുഞ്ഞുങ്ങളുമാണ് ഇവയുടെ പ്രധാന ആഹാരം. ഇര തേടുന്ന സ്ഥലങ്ങൾ ഇവ സ്ഥിരമായി സന്ദർശിക്കുന്ന സ്വഭാവക്കാരാണ്. ആൺസ്രാവിന് 800 സെന്റീമീറ്ററും പെൺസ്രാവിന് 1700 മുതൽ 2100 സെന്റീമീറ്ററും നീളം വയ്ക്കുന്നു. ഒറ്റ പ്രസവത്തിൽ 300 കുഞ്ഞുങ്ങൾ വരെ ജനിക്കും.