ഭോപ്പാൽ:മദ്ധ്യപ്രദേശിൽ കനത്ത മഴയിൽ വീട് ഇടിഞ്ഞ് വീണ് ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. സെഹോർ സ്വദേശിയായ 35 കാരിയാണ് മരിച്ചത്.
സംസ്ഥാനത്തെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായിലാണ്. നർമ്മദ നദിയിലെ ജലനിരപ്പ് ഉയര്‍ന്നു.
സംസ്ഥാനത്തെ 12 ജില്ലകളും മഴക്കെടുതിയിലാണ്. 411 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. ഹോഷംഗാബാദ്, സിഹോർ തുടങ്ങിയ ജില്ലകളിലാണ് സ്ഥിതി അതീവ ഗുരുതരം. കഴിഞ്ഞ 24 മണിക്കൂറിനിടെ 34 സെൻറീമീറ്റർ മഴയാണ് ഹോഷംഗാബാദിൽ രേഖപ്പെടുത്തിയത്. ഏഴായിരത്തോളം ആളുകളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
മഴ രൂക്ഷമായ ജില്ലകളിൽ രക്ഷാപ്രവർത്തനത്തിനായി സേന ഹെലികോപ്ടറുമായി രംഗത്തിറങ്ങിയിട്ടുണ്ട്. 60 പേരെ ഹെലികോപ്ടർ മുഖാന്തരമാണ് രക്ഷപ്പെടുത്തിയത്. നർമ്മദ നദി അപകട രേഖയും മറികടന്നാണ് ഒഴുകുന്നത്. വിധിഷ, ഷിഹോർ, രാജഘട്ട്, ചിന്ദ്വാര ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ യോഗം ചേർന്ന് സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തി.
കേന്ദ്രസഹായം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സംസ്ഥാനം കത്തയച്ചു. ആയിരം കോടിയുടെ കൃഷിനാശം സംസ്ഥാന സംഭവിച്ചതായാണ് പ്രാഥമിക കണക്ക്. ഒഡീഷ അടക്കമുള്ള വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലും മഴ മുന്നറിയിപ്പ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയിട്ടുണ്ട്.