pm-narendra-modi

മുംബയ്: സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഉടലെടുത്ത മയക്കുമരുന്ന് കേസിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന 'പി.എം.നരേന്ദ്ര മോദി" എന്ന ചിത്രത്തിന്റെ നിർമാതാവ് സന്ദീപ് സിംഗിനെതിരെയും അന്വേഷണം.

സന്ദീപ് സിംഗിനെതിരായ ആരോപണങ്ങൾ അന്വേഷിക്കുമെന്ന്​ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖ് പറഞ്ഞു.

'സന്ദീപ് സിംഗിന് ബി.ജെ.പിയുമായി എന്ത് ബന്ധമാണുള്ളത്. അതുപോലെ ബോളിവുഡുമായും മയക്കുമരുന്ന് ലോബിയുമായി എങ്ങനെയുള്ള ബന്ധമാണ് തുടങ്ങിയ കാര്യങ്ങൾ സി.ബി.ഐ അന്വേഷിക്കും. മയക്കുമരുന്ന് ഇടപാടുകാരുമായി സന്ദീപ് സിംഗിനുള്ള ബന്ധത്തെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും അവ സി.ബി.ഐയ്ക്ക് കൈമാറുമെന്നും' മന്ത്രി പറഞ്ഞു.

കഴിഞ്ഞ മാസങ്ങളിൽ സന്ദീപ് സിംഗ് മഹാരാഷ്ട്ര ബി.ജെ.പി ഓഫീസിലേക്ക് 53 തവണ ഫോൺ ചെയ്തതായി കോൺഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്‌വി ആരോപിച്ചിരുന്നു. ബി.ജെ.പി ഇയാളെ സംരക്ഷിക്കുകയാണെന്നും സിംഗ്‌വി പറഞ്ഞു.

സുശാന്തിന്റെ മരണത്തിൽ ബി.ജെ.പിയുടെ പങ്ക് അന്വേഷിക്കണമെന്നും മഹാരാഷ്ട്രയിലെ എൻ.സി.പി​-ശിവസേന-​കോൺഗ്രസ് സഖ്യം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.