ril

മുംബയ്: പ്രമുഖ റീട്ടെയിൽ ശൃംഖലയായ ബിഗ് ബസാറിന്റെ മാതൃസ്ഥാപനമായ ഫ്യൂച്ചർ ഗ്രൂപ്പിന്റെ ഓഹരികൾ ശതകോടീശ്വരൻ മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്‌ട്രീസ് 24,713 കോടി രൂപയ്ക്ക് ഏറ്റെടുത്തു. റിലയൻസിന്റെ ഉപസ്ഥാപനമായ റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡാണ് (ആർ.ആർ.വി.എൽ) ഓഹരികൾ സ്വന്തമാക്കിയത്.

ഫ്യൂച്ചർ ഗ്രൂപ്പിന്റെ മൊത്ത വില്പന, റീട്ടെയിൽ, ലോജിസ്‌റ്റിക്‌സ് , വെയർഹൗസിംഗ് ബിസിനസുകൾ ഇതോടെ റിലയൻസിന്റേതായി. ഭക്ഷ്യധാന്യങ്ങൾ, പച്ചക്കറികൾ, മറ്റ് നിത്യോപയോഗ സാധനങ്ങൾ, സൗന്ദര്യവർദ്ധക വസ്‌തുക്കൾ, വസ്‌ത്രങ്ങൾ തുടങ്ങിയവ വിൽക്കുന്ന ശൃംഖലയാണ് ബിഗ് ബസാർ. ഫ്യൂച്ചർ ഗ്രൂപ്പിന്റെ ധനകാര്യ, ഇൻഷ്വറൻസ് വിഭാഗങ്ങൾ ഇടപാടിൽ ഉൾപ്പെട്ടിട്ടില്ല.

എണ്ണ, പെട്രോകെമിക്കൽ എന്നീ പരമ്പരാഗത വരുമാന വിഭാഗങ്ങളിൽ നിന്ന് ശ്രദ്ധ മികച്ച വളർച്ച നേടുന്ന റീട്ടെയിൽ വിഭാഗത്തിലേക്ക് മാറ്റാനുള്ള റിലയൻസിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഫ്യൂച്ചർ ഗ്രൂപ്പ് ഓഹരി ഏറ്റെടുക്കൽ. റിലയൻസ് റീട്ടെയിൽ നിലവിൽ, ഓഫ്‌ലൈൻ ശ്രേണിയിൽ വലിയ ശൃംഖലയാണ്. ഫ്യൂച്ചർ ഗ്രൂപ്പ് കൂടി സ്വന്തമായതോടെ വിപണിവിഹിതത്തിൽ കുത്തക വളർച്ച നേടാൻ റിലയൻസിന് കഴിയും. റിലയൻസിന്റെ ജിയോമാർട്ട് ഓൺലൈൻ സംരംഭത്തിനും ഇതു കരുത്താകും.