school

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങൾ ജനുവരിയിൽ തുറക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് കഴിഞ്ഞ് സ്കൂളിലേക്ക് തിരിച്ചു വരുന്ന കുട്ടികളെ പുതിയൊരു പഠനാന്തരീക്ഷവും പശ്ചാത്തലവും ഒരുക്കി വരവേൽക്കും. അഞ്ഞൂറിലേറെ കുട്ടികൾ പഠിക്കുന്ന എല്ലാ സർക്കാർ സ്കൂളുകളിലും കിഫ്ബി സഹായത്തോടെ കെട്ടിടനിർമ്മാണം നടക്കുകയാണ്. 5 കോടി മുടക്കി 35 കെട്ടിടങ്ങളും മൂന്ന് കോടി മുടക്കി 14 കെട്ടിടങ്ങളും ഈ നൂറ് ദിവസത്തിൽ ഉദ്ഘാടനം ചെയ്യും. മറ്റ് 27 സ്കൂൾ കെട്ടിടങ്ങളുടെ പണി പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പി എസ്‍ സിക്ക് വിട്ട 11 സ്ഥാപനങ്ങളിൽ സ്പെഷ്യൽ റൂൾസ്‌ ഉണ്ടാക്കാൻ വിദഗ്ദ സമിതി രൂപീകരിക്കുമെന്നും വിഴിഞ്ഞം പദ്ധതിയുടെ പോർട്ട്‌ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. .

സർക്കാർ എയ്ഡഡ് കോളേജുകളിൽ 150 പുതിയ കോഴ്സുകൾ തുടങ്ങും. നൂറ് ദിവസത്തിനുളളൽ 250 പുതിയ സ്കൂൾ കെട്ടിടങ്ങളുടെ പണി തുടങ്ങും. 11400 സ്കൂളുകളിൽ ഹൈ ടെക് ലാബുകൾ സജ്ജീകരിക്കും.153 കുടുംബാരോഗ്യകേന്ദ്രങ്ങൾ 100 ദിവസംകൊണ്ട് ഉദ്ഘാടനം ചെയ്യും. 10 പുതിയ ഡയാലിസിസ് കേന്ദ്രങ്ങൾ തുടങ്ങും. മൂന്നു കാത്ത് ലാബുകളും ആരംഭിക്കും.അടുത്ത നൂറ് ദിവസത്തിൽ 153 പ്രാഥമിക ആരോ​ഗ്യകേന്ദ്രങ്ങൾ കൂടി ഉന്നത നിലവാരത്തിലേക്ക് ഉയർത്തും. കുടുംബാരോ​ഗ്യകേന്ദ്രങ്ങളിൽ രാവിലെയും വൈകിട്ടും ഒ പി പ്രവ‍ർത്തിക്കാനുളള നടപടികൾ കൈക്കൊളളും. മെഡി.കോളേജ്, ജില്ലാ, താലൂക്ക്, ജനറൽ ആശുപത്രികളിലായി 24 പുതിയ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യും.. എ പി ജെ അബ്ദുൾ കലാം സ‍ർവ്വകലാശാല, മലയാളം സർവ്വകലാശാല എന്നിവയുടെ സ്ഥിരം കാമ്പസിനായുളള ശിലാസ്ഥാപനം നടത്തും. 32 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി നി‍ർമ്മിക്കുന്ന കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.