ഭോപ്പാൽ: മദ്ധ്യപ്രദേശിൽ 3.7 കോടിരൂപ ചെലവഴിച്ച് നിർമ്മിച്ച 150 മീറ്റർ നീളമുള്ള പാലം ഉദ്ഘാടനത്തിന് മുമ്പേ തകർന്നുവീണു. സിയോണി ജില്ലയിൽ വൈൻഗംഗാ നദിക്ക് കുറുകെ നിർമ്മിച്ചിരുന്ന പാലമാണ് കനത്ത മഴ മൂലം തകർന്ന് വീണത്.കഴിഞ്ഞ മാസമാണ് പാലത്തിന്റെ നിർമാണം പൂർത്തിയായത്.
പ്രധാനമന്ത്രിയുടെ ഗ്രാമീൺ സഡക്ക് യോജന പ്രകാരം 2018ൽ നിർമ്മാണം തുടങ്ങിയ പാലം ആഗസ്റ്റ് 30ന് പൂർത്തിയാക്കാനാണ് നിശ്ചയിച്ചിരുന്നത്. അതേ ദിവസം തന്നെ പാലം തകർന്നു. നേരത്തെ നിർമ്മാണം തീർന്നതിനാൽ ജനങ്ങൾ പാലത്തിലൂടെ സഞ്ചരിച്ച് തുടങ്ങിയിരുന്നു. ഔദ്യോഗിക ഉദ്ഘാടനം നടന്നിരുന്നില്ല.
സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കളക്ടർ പറഞ്ഞു.
കനത്ത മഴ വ്യാപക നാശനഷ്ടങ്ങളാണ് മദ്ധ്യപ്രദേശിൽ ഉണ്ടാക്കിയിട്ടുള്ളത്. നർമദ നദി കരകവിഞ്ഞ് ഒഴുകുകയാണ്. ഭോപ്പാലിലെ കൊവിഡ് കെയർ സെന്ററായ ചിരായു ഹോസ്പിറ്റലിൽ അടക്കം വെള്ളം കയറി. സംസ്ഥാനത്തെ 251 അണക്കെട്ടുകളിൽ 120 എണ്ണവും നിറഞ്ഞതിനാൽ അവ എപ്പോൾ വേണമെങ്കിലും തുറക്കാമെന്ന നിലയിലാണ്.