imran-khan

ന്യൂഡൽഹി: ഇന്ത്യ-അമേരിക്ക ബന്ധത്തിന് തുരങ്കം വയ്ക്കാൻ ശ്രമിച്ച പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. പാകിസ്ഥാനിലെ 'ദുനിയ ന്യൂസു'മായി നടത്തിയ അഭിമുഖത്തിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ചൈനയെ പുകഴ്ത്തിപ്പറഞ്ഞുകൊണ്ട് ഇന്ത്യ-അമേരിക്ക ബന്ധത്തിനെതിരെ സംസാരിച്ചിരുന്നു.

പാശ്ചാത്യ ശക്തികൾ ചൈനയെ പിടിച്ചുകെട്ടാനായി ഇന്ത്യയെ ഉപയോഗിക്കുന്നത് നിര്ഭാഗ്യകരമാണെന്നായിരുന്നു ഇമ്രാന്റെ കമന്റ്. അതിനൊപ്പം പാകിസ്ഥാനാണ് ചൈനയുടെ ഏറ്റവും മികച്ച കൂട്ടാളിയെന്ന് ചിത്രീകരിക്കാനും ഇമ്രാൻ ഖാൻ മറന്നില്ല. പാകിസ്ഥാന്റെ ഭാവി ചൈനയ്‌ക്കൊപ്പമാണെന്നു പറഞ്ഞുകൊണ്ടും ചൈനയെ എപ്പോഴും പിന്തുണയ്ക്കുന്ന രാജ്യമാണ് പാകിസ്ഥാനെന്ന് പറഞ്ഞുകൊണ്ടും ഇമ്രാൻ ഖാൻ ആ രാജ്യത്തോടുള്ള തന്റെ കൂറ് വ്യക്തമാക്കുകയും ചെയ്തു.

ഇക്കാര്യം കൊണ്ടും ഭൂപടത്തിലെ രാജ്യത്തിന്റെ സ്ഥാനം കൊണ്ടും പാകിസ്ഥാൻ തന്നെയാണ് ചൈനയുടെ ഏറ്റവും മികച്ച കൂട്ടാളിയെന്നും ഇമ്രാൻ പറഞ്ഞിരുന്നു. എന്നാൽ പാകിസ്ഥാന്റെ ഈ നിലപാടിനെ ഇന്ത്യൻ വിദദ്ധകാര്യ മന്ത്രി ശക്തമായ വാക്കുകൾ ഉപയോഗിച്ചാണ് പ്രതിരോധിച്ചത്. പാകിസ്ഥാൻ സ്വന്തം ചരിത്രത്തെ കുറിച്ച് ഓർത്തുകൊണ്ടും അവരുടെ നിലവാരത്തിൽ നിന്നുകൊണ്ടുമാണ് ഇത്തരത്തിൽ സംസാരിക്കുന്നതെന്നും ഇന്ത്യയും അതുപോലെയാണെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി കരുതരുതെന്നുമാണ് എസ്. ജയ്‌ശങ്കർ പ്രതികരിച്ചത്.

ദേശീയ മാദ്ധ്യമമായ 'ഹിന്ദുസ്ഥാൻ ടൈംസു'മായി നടത്തിയ അഭിമുഖത്തിലാണ് ജയ്ശങ്കർ പാകിസ്ഥാനെ ഇത്തരത്തിൽ 'പറപ്പിച്ചത്'. 'ചൈനയുടെ വാൽ' എന്ന രീതിയിൽ പലപ്പോഴും പ്രവർത്തിക്കുന്ന പാകിസ്ഥാനെ രൂക്ഷമായി പരിഹസിക്കുകയായിരുന്നു അദ്ദേഹം തന്റെ വാക്കുകളിലൂടെ. ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യം വിശിഷ്ടമായതാണെന്നും ഇന്ത്യയുടെ പാക്കിസ്ഥാന്റെയും ചരിത്രം രണ്ടായതുകൊണ്ടുതന്നെ ഇന്ത്യ അതിന്റെ സ്വാതന്ത്ര്യത്തെ വിലമതിക്കുന്നുണ്ടെന്നും അദ്ദേഹം പാകിസ്ഥാനെ ഓർമ്മപ്പെടുത്തി.

മറ്റാരെങ്കിലും എന്തെങ്കിലും ചെയ്യുന്നത് തങ്ങളും അതുപോലെ ചെയ്തേക്കാം എന്നാണു ചിലർക്ക് തോന്നുന്നതെന്നും ഇന്ത്യ അത്തരത്തിലാണ് സ്വയം കാണുന്നതെന്നും ജയ്ശങ്കർ പാകിസ്ഥാനെ ഉദ്ദേശിച്ചുകൊണ്ട് പറഞ്ഞു. ഇന്ത്യയ്ക്ക് സ്വന്തം താത്പര്യങ്ങളും വ്യക്തിത്വവും ഉണ്ട്. അത് ആർക്കെങ്കിലും എതിരാണെന്ന രീതിയിൽ ചിത്രീകരിക്കാൻ ശ്രമിക്കരുത്. കേന്ദ്ര വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു.