ന്യൂഡൽഹി: യൂണിഫൈഡ് പേമെന്റ് ഇന്റർഫേസ് (യു.പി.ഐ) മുഖേനയുള്ള പണമിടപാടുകൾക്ക് ഫീസ് ഈടാക്കരുതെന്ന് ബാങ്കുകളോട് സെൻട്രൽ ബോർഡ് ഒഫ് ഡയറക്‌ട് ടാക്‌സസ് (സി.ബി.ഡി.ടി) ആവശ്യപ്പെട്ടു. ഉപഭോക്താക്കളിൽ നിന്നോ വ്യാപാരികളിൽ നിന്നോ ഇതിനകം ഫീസ് ഈടാക്കിയിട്ടുണ്ടെങ്കിൽ അത് തിരിച്ചുകൊടുക്കണമെന്നും നിർദേശമുണ്ട്.
യു.പി.ഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തുന്നത് നിലവിലെ നിയമങ്ങളുടെ ലംഘനമാണെന്ന് സി.ബി.ഡി.ടി വ്യക്തമാക്കി. സ്വകാര്യ ബാങ്കുകളായ ആക്‌സിസ് ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവ നിശ്ചിത പരിധിക്ക് ശേഷമുള്ള യു.പി.ഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തി തുടങ്ങിയിരുന്നു. പ്രതിമാസം 20 ഇടപാടുകളാണ് സൗജന്യം. തുടർന്ന്, ഇടപാട് മൂല്യം കണക്കാക്കി രണ്ടര മുതൽ അഞ്ചുരൂപവരെയാണ് ഫീസ് ഈടാക്കിയത്. ഇത്തരത്തിൽ ഫീസ് ഈടാക്കുന്നത് ഡിസംബർ 30ന് പുറത്തിറക്കിയ സർക്കുലർ നമ്പർ 32/2019ന്റെ ലംഘനമാണെന്ന് സി.ബി.ഡി.ടി ചൂണ്ടിക്കാട്ടി. ഈവർഷം ജനുവരി ഒന്നുമുതലുള്ള ഇടപാടുകൾക്ക് ഫീസ് ഈടാക്കരുതെന്നായിരുന്നു സർക്കുലർ.