stock

വിനോദ് നായർ

(ഗവേഷണ വിഭാഗം മേധാവി, ജിയോജിത് ഫിനാൻഷ്യൽ സർവീസസ്)

ന്ത്യയിലെ പ്രധാന സൂചികകളെല്ലാം കഴിഞ്ഞ അഞ്ചുമാസമായി 50 ശതമാനത്തിലേറെ ഉയരത്തിലാണ്. എന്നാൽ, ഇതിന്റെ മുൻനിരയിലുണ്ടായിരുന്ന വൻകിട ഓഹരികളുടെ പ്രകടനം ഇപ്പോൾ മോശമായി. ഇവയുടെ വിലകൾ പാരമ്യത്തിൽ എത്തിയതാണ് കാരണം.

കഴിഞ്ഞ ഒരുമാസത്തെ പ്രകടനം നോക്കിയാൽ നിഫ്‌റ്റി 50 ഓഹരികൾ നാലു ശതമാനവും ഇടത്തരം ഓഹരികൾ 13 ശതമാനവും ചെറുകിട ഓഹരികൾ 18 ശതമാനവും നേട്ടത്തിലാണ്. വൻകിട ഓഹരികളെ അപേക്ഷിച്ച് വില കുറവായത് ഇവയ്ക്ക് ഗുണം ചെയ്‌തു. എന്നാൽ, അവയുടെ ആകർഷണവും നഷ്‌ടപ്പെട്ടേക്കും. ആഗോള സാമ്പത്തികമാന്ദ്യ കാലത്ത് വിപണി തകർച്ചയ്ക്ക് മുമ്പുള്ള അവസ്ഥയിലെത്തി 30 ശതമാനം തെറ്റുതിരുത്തൽ (കറക്ഷൻ) നടത്തി.

അതേസമയം, ഇന്ത്യയിൽ ഇത്തരം തെറ്റുതിരുത്തൽ പ്രതീക്ഷിക്കുന്നില്ല. കടവും ജി.ഡി.പിയുമായുള്ള അനുപാതം, ധനക്കമ്മി, ബാങ്കിംഗ് വ്യവസ്ഥ, വിലക്കയറ്റം എന്നീക്കാര്യങ്ങളിൽ ഇന്ത്യയുടെ സ്ഥിതി താരതമ്യേന മെച്ചമാണ്. എന്നാൽ, കൊവിഡ് പ്രതിസന്ധി 2021ലേക്കും നീണ്ടാൽ വലിയ തിരിച്ചടിയുണ്ടാകും.

ലോക്ക്ഡൗണിന്റെ ആദ്യനാളുകളിൽ ഓഹരി വിപണിയുടെ സ്ഥിതി മോശമായിരുന്നു. വൻകിട ഓഹരികൾ 40 ശതമാനവും ഇടത്തരം ഓഹരികൾ 50-60 ശതമാനവും താഴേക്കുപോയി. എന്നാൽ, അൺലോക്ക് പ്രക്രിയ വിപണിക്ക് ഉണർവായി. ഈ കുതിപ്പിലും ആശങ്കപ്പെടുത്തുന്ന പ്രധാന കാര്യം, ഓഹരിവിലയായി യഥേഷ്‌ടം ചെലവാക്കുന്ന പണത്തിന്റെ അപകടം സംബന്ധിച്ച് നിക്ഷേപകർ ചിന്തിക്കുന്നില്ല എന്നതാണ്. എഫ്.പി.ഐകളുടെ പിന്തുണയോടെ, വിപണിയിലേക്ക് വൻതോതിലുള്ള പണമൊഴുക്ക് ജാഗ്രതക്കുറവുണ്ടാക്കുന്നു.

വിദേശ നിക്ഷേപകർക്ക് ഏറെ പ്രിയമുള്ളതാണ് വികസ്വര രാജ്യങ്ങളിലെ വിപണി; ഇതിൽ ഇന്ത്യ ഏറെ മുന്നിലുമാണ്. ആഗോള പ്രതിസന്ധിക്കാലത്ത് വിരുദ്ധമായി ഇപ്പോൾ ചെറുകിട-ഇടത്തരം ഓഹരികളും അവർ വാങ്ങുന്നുണ്ട്. ഇന്ത്യയിൽ വരും ആഴ്‌ചകളിൽ ഓഹരിയുടെ ഗതി പ്രധാനമായും നിർണയിക്കുന്ന ഘടകങ്ങൾ ജി.ഡി.പി കണക്ക്, ജി.എസ്.ടി വരുമാനം, ഫെഡറൽ റിസർവിന്റെ നയം എന്നിവയായിരിക്കും.

ഏപ്രിൽ-ജൂണിൽ ജി.ഡി.പി 25 ശതമാനം വരെ താഴ്‌ന്നേക്കുമെന്ന് കരുതപ്പെടുന്നു. എന്നാൽ, ഇത് ഓഹരി വിപണിയിൽ പ്രകടമായ മാറ്റം സൃഷ്‌ടിച്ചേക്കില്ല. കാരണം, ആഭ്യന്തര-ആഗോളനയമാറ്റം മൂലം സമ്പദ്‌സ്ഥിതി മെച്ചപ്പെട്ടുവരികയാണ്. ജി.ഡി.പി വരും പാദങ്ങളിൽ മെച്ചപ്പെട്ടേക്കും. ഉത്സവകാല സീസണും വിപണിക്ക് കരുത്താകും. ചുരുക്കത്തിൽ, എല്ലാ സാമ്പത്തികസൂചികകളും വിപണിക്ക് എതിരല്ല.