ന്യൂഡൽഹി : ലഡാക്കിലെ ഗൽവാൻ മലനിരകളിലെ സംഘർഷത്തിന് പിന്നാലെ ദക്ഷിണ ചൈനകടലിലേക്ക് ഇന്ത്യ യുദ്ധക്കപ്പല്‍ അയച്ചതായി റിപ്പോർട്ട്. ചര്‍ച്ച നടക്കുന്നതിനിടെയുള്ള ഇന്ത്യയുടെ നടപടി ചൈന എതിര്‍ത്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈന നിര്‍ണായകമായി കരുതുന്ന ദക്ഷിണ ചൈന കടലില്‍ ഇന്ത്യയുടെ യുദ്ധക്കപ്പല്‍ കണ്ടതില്‍ ചൈന അസന്തുഷ്ടി അറിയിച്ചെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.
ജൂണ്‍ 15ന് ലഡാക്ക് അതിര്‍ത്തി സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യ വരിച്ചതിന് പിന്നാലെയാണ് ഇന്ത്യ യുദ്ധക്കപ്പല്‍ അയച്ചത്. അതിര്‍ത്തിയിലെ സംഘര്‍ഷം ഒഴിവാക്കാന്‍ നയതന്ത്ര തലത്തിലും സൈനിക തലത്തിലും ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ദക്ഷിണ ചൈന കടലില്‍ ഇന്ത്യന്‍ യുദ്ധക്കപ്പല്‍ എത്തിയത് ചൈന ശക്തമായി എതിര്‍ത്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യ യുദ്ധക്കപ്പൽ വിന്യസിച്ചതിന് പിന്നാലെ യുഎസിന്റെ യുദ്ധക്കപ്പലുകളും ദക്ഷിണ ചൈന കടലിൽ എത്തിയിരുന്നു. ഇതേസമയം തന്നെ അൻഡമാൻ നിക്കോബാർ ദ്വീപിനു സമീപത്തും ഇന്ത്യ യുദ്ധക്കപ്പലുകൾ വിന്യസിച്ചു.
അമേരിക്കന്‍ നാവിക സേനയുമായി ഇന്ത്യന്‍ നാവിക സേന ആശയവിനിമയം നടത്തിയിരുന്നതായും റിപ്പോർട്ടുണ്ട്. ചൈനീസ് നാവിക സേന ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് കടക്കുന്നത് നിരീക്ഷിക്കാന്‍ ഇന്ത്യന്‍ നേവി ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ മലാക്ക മേഖലയില്‍ കപ്പലുകള്‍ വിന്യസിച്ചിരുന്നു. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലേക്ക് ചൈനീസ് കടന്നുകയറ്റം തടയാന്‍ അന്തര്‍ സമുദ്ര വാഹിനികളെയും ഇന്ത്യ സജ്ജീകരിച്ചു. ജിബൂട്ടി മേഖലയില്‍ ചൈനീസ് കപ്പലുകളുടെ സാമീപ്യവും ഇന്ത്യ വീക്ഷിച്ചിരുന്നു. ചൈനീസ് നാവിക സേന ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് പ്രവേശിക്കുന്നിടത്താണ് കപ്പലുകൾ വിന്യസിച്ചത്. മലാക്ക കടലിടുക്ക് വഴിയാണ് ചൈനീസ് ചരക്ക് കപ്പലുകൾ കടന്നു പോകുന്നത്. ഇവയുടെ സഞ്ചാരവും ഇന്ത്യൻ യുദ്ധക്കപ്പലുകൾ നിരീക്ഷിക്കുന്നുണ്ട്. കൂടുതൽ അന്തർവാഹിനികളും ഇവിടേക്ക് എത്തിക്കുന്നതായും റിപ്പോർട്ടുണ്ട്.