ipo

കൊച്ചി: കേരളം ആസ്ഥാനമായുള്ള പ്രമുഖ ചെറു ഫിനാൻസ് ബാങ്കായ ഇസാഫ് ബാങ്കിന്റെ പ്രാരംഭ ഓഹരി വില്പന (ഐ.പി.ഒ) സെപ്‌തംബറിന് ശേഷം നടക്കും. 976 കോടി രൂപ സമാഹരിച്ച് ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കാനാണ് ഇസാഫ് ബാങ്ക് ലക്ഷ്യമിടുന്നത്. ഇതിനായുള്ള അപേക്ഷ (ഡി.ആർ.എച്ച്.പി) കഴിഞ്ഞ ജനുവരിയിൽ ബാങ്ക് സമർപ്പിച്ചിരുന്നു. ഐ.പി.ഒ നടത്താൻ മാർച്ച് അവസാനവാരം സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യയുടെ (സെബി) അനുമതിയും ലഭിച്ചിരുന്നു.

എന്നാൽ, കൊവിഡ് പശ്ചാത്തലത്തിൽ ഐ.പി.ഒ നടപടികൾ നീളുകയായിരുന്നു. പ്രാരംഭ ഓഹരി വില്പനയിൽ 800 കോടി രൂപയുടേത് പുതിയ ഓഹരികളും (ഫ്രഷ് ഇഷ്യൂ)​ 176.2 കോടി രൂപയുടേത് ഓഫർ ഫോർ സെയിൽ (ഒ.എഫ്.എസ്)​ ഇനത്തിലും ആയിരിക്കും. 2017 മാർച്ചിൽ പ്രവർത്തനം ആരംഭിച്ച ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്കിന്റെ ഓഹരികളിൽ 77.94 ശതമാനവും പ്രമോട്ടർമാരുടെ കൈവശമാണ്. 500 കോടി രൂപയ്ക്കുമേൽ മൂല്യമുള്ള ചെറു ബാങ്കുകൾ പ്രവർത്തനം തുടങ്ങി മൂന്നുവർഷത്തിനകം ഓഹരി വിപണിയിൽ ലിസ്‌റ്റ് ചെയ്യണമെന്ന് റിസർവ് ബാങ്ക് നിർദേശിച്ചിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് ഇസാഫ് ബാങ്ക് ഐ.പി.ഒയ്ക്ക് ഒരുങ്ങുന്നത്.