happy-sports-onam
happy sports onam

കൊവിഡ് കാലം നമ്മുടെ ഒാണാഘോഷത്തിനും മാസ്കിട്ടിരിക്കുകയാണ്. ആർപ്പുവിളിയും ആർഭാടങ്ങളും കൂടിച്ചേർന്നുള്ള ആഘോഷങ്ങളും ഇത്തവണത്തേക്കില്ല. പ്രമുഖ മലയാളി കായിക താരങ്ങൾ പ്രതികൂല സാഹചര്യത്തിനിടയിലെ അതിജീവനത്തിന്റെ ഒാണാഘോഷ വിശേഷങ്ങൾ കേരളകൗമുദിയുമായി പങ്കുവയ്ക്കുന്നു...

മെഡൽക്കളം ...

അത്തപ്പൂക്കളമൊരുക്കാൻ പൂക്കൾ കിട്ടിയില്ലെങ്കിലും തനിക്കു കിട്ടിയ മെഡലുകൾ കൊണ്ട് പൂക്കളമൊരുക്കിയിരിക്കുകയാണ് മുൻ ഇന്ത്യൻ വോളി​ബാൾ ടീം ക്യാപ്ടൻ ടോം ജോസഫ്. ഭാര്യ ജാനറ്റ്,മക്കളായ റിയ,സ്റ്റുവർട്ട് ,ജ്യുവൽ എന്നിവർ സമീപം.

ഒാണത്തോണി...

വിവാഹം കഴിഞ്ഞ് ആദ്യ ഒാണമാണ് മുൻ ഇന്ത്യൻ വോളിബാൾ താരം രാകേഷിനും ബാസ്കറ്റ് ബാൾ താരം അമൃതയ്ക്കും ഇത്. തിരുവനന്തപുരത്ത് കെ.എസ്.ഇ.ബിയിൽ ജോലിയുള്ള ഇരുവർക്കും രാകേഷിന്റെ തൃപ്രയാറുള്ള വീട്ടിലാണ് കന്നി ഒാണം. ഇവർ ഇന്നലെ തൃപ്രയാറിലെ കനോലിക്കായലിൽ നടത്തിയ തോണിയാത്രയ്ക്കിടെ...

തിരക്കോണം...

ആരോഗ്യപ്രവർത്തകനായ ഭർത്താവ് ഡോ.ദീപക് ജോലിത്തിരക്കും കഴിഞ്ഞ് തിരുവോ സദ്യയ്ക്ക് എത്തുമ്പോൾ ആഘോഷം തുടങ്ങാനിരിക്കുകയാണ് ഒളിമ്പ്യൻ പ്രീജാ ശ്രീധരനും മക്കളായ ദർശനും ധ്യാനും...

നിറഞ്ഞോണം...

കേരളകൗമുദി കായികരത്ന പുരസ്കാരത്തിന്റെ സന്തോഷനിറവിലാണ് ഒളിമ്പ്യൻ അനിൽകുമാറിന്റെ ഇത്തവണത്തെ ഒാണം. ഹരിപ്പാട്ടെ വീട്ടിൽ ചെറുപൂക്കളമൊരുക്കാൻ ഭാര്യ നിഷയും മക്കളായ ആദിത്യനും ശിഖയും ഒപ്പമുണ്ട്.

ഒന്നിച്ചോണം..

ഇന്ത്യൻ ബാസ്കറ്റ് ബാൾ താരം പി.എസ് ജീനയ്ക്കും ഭർത്താവ് ജാക്സണും ഒന്നിച്ചുള്ള ആദ്യ ഒാണമാണിത്.വയനാട്ടിലെ ജീനയുടെ വീട്ടിൽ നിന്ന് ചാലക്കുടിയിൽ ജാക്സണിന്റെ വീട്ടിലെത്തി പൂക്കളമിട്ട് ആഘോഷം തുടങ്ങി.

പാട്ടോണം...

ഒാണത്തിന് പുറത്തിറങ്ങി ആഘോഷിക്കാൻ പറ്റാത്തിനാൽ വീട്ടിൽ ഒാണപ്പാട്ടുമത്സരമുൾപ്പടെയുള്ള ആഘോഷം സംഘടിപ്പിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ വോളിതാരം കിഷോർ കുമാർ. കൂടെ പാടാനും താളമിടാനും ഭാര്യ നമിതയും മകൻ ഇന്ദ്രദത്തും മകൾ ആഷ്റിയയും.

കന്നിയോണം പൊന്നോണം

ബാഡ്മിന്റൺ താരം അപർണബാലന് വിവാഹശേഷമുള്ള ആദ്യ ഒാണം. ഭർത്താവ് ഫോറസ്റ്റ് ഇൻസ്പെക്ടറായ സന്ദീപിന്റെ പത്തനംതിട്ട പ്രക്കാനത്തുള്ള വീട്ടിലാണ് പൂക്കളമിട്ട് ആഘോഷം.

സുന്ദരിക്ക് പൊട്ടുകുത്തൽ

കൊവിഡ് പ്രതിസന്ധിയിലാക്കിയ ചെന്നൈ മേടവാക്കത്തുള്ള ഫ്ളാറ്റിൽ പൂക്കളമിടാൻപോലുമാകാതെ കുടുങ്ങിയെങ്കിലും ഒാണക്കളികളിലൂടെ മകൻ ഇഷാൻ പുത്രയെ ഒാണത്തെക്കുറിച്ച് മനസിലാക്കിക്കുകയാണ് മുൻ കേരള ക്രിക്കറ്റർ പ്രശാന്ത് പരമേശ്വരനും ഭാര്യയും ചലച്ചിത്ര താരവുമായ ശിവാനി ബായ്‌യും

വീടോണം...

വീടിന്റെ അവസാനവട്ടമിനുക്കുപണികളുടെ തിരക്കിലേക്കാണ് ഒാണം കയറിവന്നതെങ്കിലും മുൻ കേരള സന്തോഷ് ട്രോഫി ഫുട്ബാൾ ടീം ക്യാപ്ടൻ നെൽസൺ ഭാര്യ ജ്യോതി,മക്കളായ ജിയോന,അഥീന മരുമക്കളായ എലേന,യൊഹാൻ എന്നിവർക്കൊപ്പം പൂക്കളമിടാൻ നേരം കണ്ടെത്തി.